കണ്ണൂർ: കലക്ടറേറ്റ് വളപ്പിൽ പ്രതിഷേധ മാർച്ച് നടത്തിയ സംഭവത്തിൽ എം. വിജിൻ എം.എൽ.എയെ ഒഴിവാക്കി എഫ്.ഐ.ആർ. കലക്ടറേറ്റിൽ അതിക്രമിച്ചു കയറിയത് ഉൾെപ്പടെയുള്ള വകുപ്പുകൾ ചുമത്തി മാർച്ചിൽ പങ്കെടുത്ത നൂറോളം കേരള ഗവ. നഴ്സസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. എം.എൽ.എയാണ് മാർച്ച് ഉദ്ഘാടനംചെയ്തത്.
കലക്ടറേറ്റ് വളപ്പിൽ അതിക്രമിച്ച് കയറിയവർക്കെതിരെ കേസെടുക്കുമ്പോൾ ഉദ്ഘാടകനെ ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കലക്ടറേറ്റിനകത്ത് അതിക്രമിച്ചു കയറി പ്രസംഗിച്ച എം.എല്‍.എക്കെതിരെ പൊലീസ് കേസെടുക്കാത്തത് ഇരട്ടത്താപ്പാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.
നഴ്സുമാർക്കെതിരെ അതിക്രമിച്ചുകയറല്‍, ഗതാഗത തടസ്സം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തപ്പോള്‍ മൈക്ക് കെട്ടി പ്രസംഗിക്കുകയും പൊലീസിനോട് കയർക്കുകയും ചെയ്ത എം.എല്‍.എയെ ഒഴിവാക്കിയത് ആരെ ഭയന്നിട്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, എം. വിജിൻ എം.എൽ.എയുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ ടൗൺ എസ്.ഐ ടി.പി. ഷമീലിനെതിരെ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമീഷണർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.