കുമളി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെവിട്ട വിധിക്ക് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമടക്കം സമരവുമായി രംഗത്ത്.
കോടതി വിധിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് ബാലികയുടെ മാതാപിതാക്കളും എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും വായ് മൂടിക്കെട്ടി മാർച്ച് നടത്തി.
മാതാപിതാക്കൾക്കൊപ്പം തോട്ടം തൊഴിലാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാരുടെ വലിയ സംഘമാണ് വണ്ടിപ്പെരിയാർ സ്റ്റേഷൻ ഉപരോധിച്ചത്. കോടതി വിധി റദ്ദാക്കുക, പ്രതിയെ അറസ്റ്റ് ചെയ്യുക, മരിച്ച ബാലികയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. ഇതിനിടെ, പ്രതിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള നാട്ടുകാരുടെ നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു.
അന്വേഷണസംഘം നൽകിയ തെളിവുകളും മൊഴികളും കോടതി വേണ്ടവിധം പരിശോധിച്ചില്ലെന്ന് ബാലികയുടെ പിതാവ് മാർച്ചിന് ശേഷം പറഞ്ഞു.
കോടതി വിധിയിലുള്ള നീതിനിഷേധം മറയ്ക്കാനാണ് അന്വേഷണസംഘത്തെ ബലിയാടാക്കുന്നതെന്നും കുട്ടി മരിച്ചശേഷം ഏറെ വൈകാതെ വണ്ടിപ്പെരിയാർ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നതായും പിതാവ് പറഞ്ഞു. കേസിൽ ബാഹ്യശക്തികളുടെ ഇടപെടൽ സംശയിക്കുന്നതായി സി.പി.ഐ ആരോപിച്ചു.
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വെറുതെവിട്ട വിധിക്കെതിരെ അടുത്ത ആഴ്ച ആദ്യം പൊലീസ് അപ്പീൽ നൽകും. വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. കേസ് ഫയലുകൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. ഡി.ജി.പിയുടെ ഓഫിസിൽനിന്നുള്ള നിയമവിദഗ്ധർ പരിശോധിച്ച് അപ്പീൽ തയാറാക്കും. വിധിന്യായത്തിൽ അപ്പീലിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനാണ് നിയമവിദഗ്ധർ പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.