കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എം.എൽ.എക്കും എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും ജാമ്യം. ഇരുവർക്കും അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരമാക്കുകയാണ് കോടതി ചെയ്തത്. ഇവർക്കൊപ്പം കേസിലെ മറ്റ് പ്രതികളായ 14 പേർക്കും കോടതി ജാമ്യം അനുവദിച്ചു.
വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. മാത്യു കുഴൽനാടൻ ആണ് കേസിലെ ഒന്നാം പ്രതി.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിനി ഇന്ദിരയുടെ മൃതദേഹവുമായി തിങ്കളാഴ്ചയാണ് നഗരത്തിൽ പ്രതിഷേധം നടന്നത്. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം എന്നിവരുടെ നേതൃത്വത്തിൽ വയോധികയുടെ മൃതദേഹം സമരപ്പന്തലിൽ എത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
അറസ്റ്റിലായ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യമില്ലാ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നതെങ്കിലും രാത്രി തന്നെ മജിസ്ട്രേറ്റ് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.