മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു; സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായി മീഡിയവൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയതിനെതിരെ പ്രതികരണവുമായി പ്രമുഖർ രംഗത്തെത്തി. ദേശസുരക്ഷ എന്ന പേരിൽ കാരണം പോലും വ്യക്തമാക്കാതെ നടപടി സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി സംപ്രേഷണം നിർത്തിവച്ചിരിക്കുകയാണ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്‌മാൻ അറിയിച്ചു. കേസിൽ കക്ഷിചേർന്ന കേരള പത്രപ്രവർത്തക യൂനിയനും മേൽക്കോടതിയെ സമീപിക്കും.

മീഡിയവൺ ചാനലിന്റെ ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് തീരുമാനിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകൾ പരിശോധിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് വിധി പറഞ്ഞത്. അപ്പീൽ നൽകാൻ രണ്ടു ദിവസം സമയം അനുവദിക്കണമെന്ന മീഡിയവണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മീഡിയവൺ വിലക്ക്: ഭരണഘടനയിൽ വിശ്വസിക്കുന്നവരെല്ലാം രംഗത്തിറങ്ങണം -എം.എ ബേബി

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയവണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മീഡിയവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.

ജമാഅത്തെ ഇസ്‌ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ അതൊരു നിരോധിതസംഘടനയല്ലെന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ട്. അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ സി.പി.എം നടത്തുന്നതൂപോലെ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാതത്വത്തിൽ വിശ്വസിക്കുന്നവരെല്ലാം മീഡിയവണ്ണിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

Full View

മീഡിയവൺ: വിധി നിരാശാജനകം, നീതി പുലരുംവരെ കൂടെയുണ്ടാകും -ഇ.ടി മുഹമ്മദ് ബഷീർ

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈകോടതി സിംഗിൾ ബെഞ്ച് വിധി ഏറെ നിരാശാജനകമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി. മീഡിയവണ്ണിന്റെ നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും നീതി പുലരുംവരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകുമെന്നും ബഷീർ പറഞ്ഞു.

Full View

ഇന്ത്യൻ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചന -ടി. സിദ്ദീഖ് എം.എൽ.എ

സ്വാതന്ത്ര്യസമര കാലത്തെ അൽ അമീൻ പത്രം പോലെ മീഡിയവൺ ചരിത്രത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബിന്റെ അൽ അമീൻ പത്രം സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടിയതിന്റെ പേരിൽ 1940 ൽ രാജ്യസുരക്ഷാ നിയമപ്രകാരം അബ്ദുറഹിമാൻ സാഹിബ്‌ അറസ്റ്റിലായി. സമാന സാഹചര്യത്തിലൂടെയാണു മീഡിയവൺ ചാനലും കടന്ന് പോകുന്നത്‌. ചെയ്ത രാജ്യദ്രോഹക്കുറ്റം എന്താണെന്ന് ബോധ്യപ്പെടുത്താതെ കേന്ദ്ര സർക്കാർ ചാനലിനെ വിലക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചനയാണിത്‌. സത്യം വിളിച്ച്‌ പറഞ്ഞതിന്റെ പേരിൽ, രാജാവിനു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വിളിച്ച്‌ പറഞ്ഞതിന്റെ പേരിൽ വന്ന ഈ വിലക്ക്‌ ചരിത്രത്തിലെ നാഴികക്കല്ലായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല. എന്താണു കേന്ദ്ര സർക്കാർ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന് ബോധ്യപ്പെടുത്തും വരെ, അല്ലെങ്കിൽ ബോധ്യമാകും വരെ മീഡിയവൺ ചാനലിനൊപ്പം...

Full View

ഭരണകൂട വാദഗതികൾ മാത്രംകേട്ട് വിധികൽപിക്കുന്നത് നീതികേട് - കെ.കെ രമ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റങ്ങളെ നീതിപീഠവും കണ്ണടച്ച് ശരിവയ്ക്കുന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ലെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. മീഡിയവൺ സംപ്രേഷണ വിലക്കിനെതിരായ ഹരജി തള്ളിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവർ.

ജനങ്ങൾ എന്ത് അറിയണമെന്നത് ഭരണകൂടങ്ങളല്ല തീരുമാനിക്കേണ്ടത്. പൗരനും രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്കും അവസാനത്തെ അത്താണിയാകേണ്ട നീതിപീഠം ഭരണകൂടങ്ങളുടെ വാദഗതികൾ മാത്രംകേട്ട് വിധികൽപിക്കുന്നത് നീതികേടാണ്. നീതിപീഠം നീതിപൂർവമായി ഇടപെടണമെന്നും മാധ്യമസ്വാതന്ത്ര്യത്തിനൊപ്പവും മീഡിയവണ്ണിനൊപ്പവുമാണ് താനുള്ളതെന്നും രമ വ്യക്തമാക്കി.

Full View

വിധി കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക്  ശക്തി പകരും -ഹമീദ് വാണിയമ്പലം

മീഡിയാവൺ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തെ ഫാസിസ്റ്റ് ഭരണ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് ഈ വിധി ശക്തി പകരും. ദേശ സുരക്ഷക്ക് ഭീഷണി എന്ന വാദത്തിലാണ് ആഭ്യന്തര മന്ത്രാലയം മീഡിയാ വണ്ണിന്റെ ലൈസൻസ് പുതുക്കുന്നതിന് ക്ലിയറൻസ് നൽകാത്തത്. പക്ഷേ എന്ത് ദേശ സുരക്ഷാ പ്രശ്നമാണ് മീഡിവണ്ണിൽ നിന്നുണ്ടായതെന്ന് ബന്ധപ്പെട്ട കക്ഷികളെയോ രാജ്യത്തെ ജനങ്ങളെയോ ബോധ്യപ്പെടുത്താതെയുണ്ടായ ഈ സംപ്രേഷണ വിലക്ക് ജനാധിപത്യപരമല്ല.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും നേരെയുള്ള നിഷേധമാണ്. സ്വാതന്ത്ര മാധ്യമ പ്രവർത്തനത്തിൽ ഭയമുള്ള സർക്കാരുകളുടെ അമിതാധികാര പ്രവണതക്കെതിരെ നില കൊണ്ട നമ്മുടെ നീതിന്യായ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ട കാലമാണിത്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന സന്ദേശമാണ് മീഡിയാവണ്ണിന്റെ വിലക്ക് നൽകുന്നത്. രാജ്യത്തെ പൗര സമൂഹം ജനാധിപത്യ മൂല്യങ്ങളുയർത്തിപ്പിടിച്ച് കൂടുതൽ ജാഗ്രതയോടെ നിലകൊള്ളണം. ഉന്നത കോടതികളിലെ നിയമ പോരാട്ടങ്ങളിലൂടെ മീഡിയാ വൺ തിരിച്ചു വരുമെന്ന് പ്രത്യാശിക്കുന്നതായി ഹമീദ് വാണിയമ്പലം വാർത്താകുറിപ്പിൽ അറിയിച്ചു.

വിധി മീഡിയാവൺ ശരിയിലാണെന്നതിന്‍റെ ശരിവെക്കൽ -യൂത്ത്​ ലീഗ്​

മീഡിയാവൺ ശരിയിലാണെന്നതിന്‍റെ ശരിവെക്കലാണ് ഹൈകോടതി ജഡ്ജി നടത്തിയതെന്ന്​ യൂത്ത്​ ലീഗ്​ ദേശീയ ജന. സെക്രട്ടറി വി.കെ ഫൈസൽ ബാബു. ഫേസ്​ബുക്​ പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.​ ''കടല കൊറിച്ച് ഗ്യാലറിയിലിരുന്ന് കളി കാണുന്നവർ കരുതിയിരിക്കുക. 'ശരി'ക്കും വേട്ടക്കിരയാവുന്നത് 'മീഡിയാവൺ' അല്ല. 'ദേശസുരക്ഷ'യുടെ വാള് കൊണ്ട് അറുത്ത് മാറ്റപ്പെടുന്നത് ജനങ്ങളുടെ 'ശരി'കൾ തന്നെയാണ്. മീഡിയാവൺ ഒരു പ്രതീകം മാത്രം എന്നതാണ് ശരിക്കുള്ള ശരി. അന്തിമ നീതിക്കായ് പോരാട്ടം തുടരുക. ബാബരി 'വിധി'യുടെ 'ശരി' പൊള്ളുന്ന പാഠമായി നമ്മെ പിന്തുടരുമ്പോൾ നീതിയുടെ ആത്യന്തിക ഇടം കോടതികളാണ് എന്നതിനെ ബോധമുള്ളവരാരും 'ശരി'വെക്കില്ല. പൗരത്വം ഉൾപ്പെടെ ഭരണഘടന അവകാശങ്ങൾ മാത്രമല്ല, കേവല മനുഷ്യാവകാശങ്ങളും തെരുവിൽ പൊരുതി നേടലായിരിക്കും ഇനി ശരി'' -ഫൈസൽ ബാബു തുടർന്നു.

ദേശസുരക്ഷ എന്നും വിമതശബ്ദങ്ങളെ വേട്ടയാടാനുള്ള ഉപകരണം -ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മീഡിയവൺ സംപ്രേഷണ വിലക്കിന് കാരണമായി കേന്ദ്ര സർക്കാർ സമർപ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്ത 'ദേശസുരക്ഷ' എന്നും വിമതശബ്ദങ്ങളെ വേട്ടയാടാനുള്ള ഉപകരണമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള ചരിത്രമാണുള്ളതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. മാധ്യമസ്വാതന്ത്ര്യത്തെ നിരോധിക്കുന്ന ഭരണകൂടവും കോടതിയും ജനാധിപത്യമൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

നിരോധിക്കപ്പെട്ടതിന് കാരണം എന്താണെന്നുപോലും വിശദീകരിക്കാതെ ദേശസുരക്ഷയുടെ മറവിലെ കേന്ദ്രസർക്കാർ നടപടി രാജ്യത്ത് സംഘ്പരിവാർ നടത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെ വേട്ടയാടുന്നതിന്റെ തുടർച്ചയാണ്. ശക്തമായ ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് മാധ്യമങ്ങൾ. അവയെ തങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാത്തതുകൊണ്ട് ഭീഷണിപ്പെടുത്തിയും നിരോധിച്ചും ഇല്ലാതാക്കി കേന്ദ്രസർക്കാർ നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മീഡിയവൺ സംപ്രേഷണ വിലക്കെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷയായി. എസ്. മുജീബുറഹ്‌മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്‌റഫ്, കെ.എം ഷെഫ്‌റിൻ, ഫസ്‌ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ലത്തീഫ് പി എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ, ശഹിൻ ശിഹാബ് സംസാരിച്ചു.

Tags:    
News Summary - Protest against MediaOne ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.