തിരുവനന്തപുരം: വിശ്വാസത്തിെൻറയും അഴിമതി ആരോപണങ്ങളുടെയും പരീക്ഷണം മറികടന്ന എൽ.ഡി.എഫ് സർക്കാറിന് പി.എസ്.സി ഉദ്യോഗാർഥികളുടെ കണ്ണീരിൽ കാലിടറുന്നു. ഇടതുനേതാക്കളുടെ പിൻവാതിൽ, ബന്ധു നിയമന ന്യായീകരണവും സമരത്തോടുള്ള ആക്ഷേപവും കൂടി ആയതോടെ പ്രതിപക്ഷത്തിന് പുതിയൊരു തെരഞ്ഞെടുപ്പ് അജണ്ടകൂടി സമ്മാനിച്ച പ്രതീതിയായി.
10 ലക്ഷം യുവാക്കൾക്ക് ജോലി വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാറിന് മുന്നിലാണ് ഉദ്യോഗാർഥികളുടെ സമരപരമ്പര അരങ്ങേറുന്നത്. ഇൗ ഭരണകാലത്തെ പി.എസ്.സി നിയമനത്തിെൻറയും സ്ഥിരപ്പെടുത്തുന്ന കരാർ നിയമനങ്ങളുടെയും കണക്കുകൾ വാർത്തസമ്മേളനത്തിൽ നിരത്തിയ മുഖ്യമന്ത്രി തന്നെയാണ് പതിവുപോലെ പ്രതിരോധത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ പ്രതിപക്ഷം സമരത്തിൽ കണ്ണിചേരാതെ നിന്നതോടെ സമരം രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപിക്കാനാകാതെ ഭരണപക്ഷം കുഴഞ്ഞു. പിൻവാതിൽ നിയമന, സ്ഥിരപ്പെടുത്തൽ വാർത്തകൾ മാധ്യമങ്ങൾ ഒാരോന്നായി പുറത്തുവിടുകയും റാങ്ക് ലിസ്റ്റുകാരുടെ സമരം ശക്തമാകുകയും ചെയ്തതോടെ കടന്നാക്രമണവുമായി പ്രതിപക്ഷം രംഗത്തെത്തി. സമരത്തിെൻറ രാഷ്ട്രീയബന്ധത്തെ കുറിച്ചുള്ള സി.പി.എം നേതാക്കളുടെ ആക്ഷേപം വസ്തുത നിരത്തിയുള്ള ഉദ്യോഗാർഥികളുടെ ചോദ്യത്തിന് മുന്നിൽ തകർന്നു. ഉദ്യോഗാർഥികളുടെ സമരത്തിെൻറ വികാരഭരിതമായ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെ സർക്കാറിെൻറ വാദങ്ങൾ ദുർബലമായി.
യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ കടുംവെട്ട് തീരുമാനവും നിയമന വിവാദവും വോട്ടാക്കി അധികാരത്തിൽ വന്ന എൽ.ഡി.എഫും ഇക്കാര്യത്തിൽ ഒട്ടും ഭിന്നമല്ലെന്ന് വ്യക്തമായത് തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അടിത്തറയാക്കി വികസന അജണ്ട സൃഷ്ടിക്കാൻ ലക്ഷ്യമിട്ടിരിക്കെയാണ് യുവജനങ്ങൾക്ക് മുന്നിൽ സർക്കാർ വിചാരണ വിധേയമാകുന്നത്. െഎശ്വര്യകേരള യാത്ര സമാപിക്കാനിരിക്കെ ഉദ്യോഗാർഥികളുടെ സമരം ഉയർത്തി തരംഗം സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിയുന്നുണ്ട്. വികസനനേട്ടം വിശദീകരിച്ച് തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കാൻ പുറപ്പെട്ട എൽ.ഡി.എഫിെൻറ ഇരു ജാഥാ കാപ്റ്റൻമാർക്കും വിവാദങ്ങൾക്ക് മറുപടി പറയേണ്ട സ്ഥിതിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.