തിരുവനന്തപുരം: സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾക്ക് അവസരമൊരുക്കി കേരള പബ്ലിക് സർവിസ് കമീഷൻ. റാങ്ക് ലിസ്റ്റുകൾ പുറത്തിറക്കുന്നതിൽ പി.എസ്.സി മെല്ലെപ്പോക്ക് നയം തുടരുന്നതോടെ കസേരകൾ താൽക്കാലികക്കാർക്ക് വീതംവെക്കാനുള്ള ലേലംവിളികളാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽനിന്ന് നിയമനങ്ങൾ വേണ്ടെന്ന് മന്ത്രിമാർ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റിൽനിന്നാണ് കേരളത്തിലെ പ്രധാന ഓഫിസുകളായ ഗവ. സെക്രട്ടേറിയറ്റ്, നിയമസഭ സെക്രട്ടേറിയറ്റ്, പി.എസ്.സി, അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവയിലെ അസിസ്റ്റന്‍റ്, കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിലെ ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നത്. എന്നാൽ, റാങ്ക് ലിസ്റ്റ് റദ്ദായിട്ട് മാസങ്ങളായി. ബിരുദതല പ്രാഥമിക പരീക്ഷയോടൊപ്പം 2021ലാണ് പുതിയ ലിസ്റ്റിനുള്ള പ്രാഥമിക പരീക്ഷ പി.എസ്.സി നടത്തിയത്. എന്നാൽ, ഇതിന്‍റെ ഫലം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പുകൾ പോലും പി.എസ്.സിയിൽ ആരംഭിച്ചിട്ടില്ല. പ്രാഥമിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ മുഖ്യപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകൂ. ഇതിന് ഇനിയും മാസങ്ങൾ വേണ്ടിവരും. ഇക്കാലമത്രയും അസിസ്റ്റന്‍റ് തസ്തികയിൽ സർക്കാറിന് താൽക്കാലിക നിയമനം നടത്താം. കഴിഞ്ഞ മേയിൽ സെക്രട്ടേറിയറ്റ്, പി.എസ്.സി ഓഫിസുകളിൽനിന്ന് നൂറിൽപരം ഉദ്യോഗസ്ഥരാണ് വിരമിച്ചത്. അസിസ്റ്റന്‍റ് തസ്തികയിലാണ് ഭൂരിഭാഗം ഒഴിവുകളും. സർക്കാറിന്‍റെ ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് അസിസ്റ്റന്‍റുമാരെ നിയമിക്കാൻ റാങ്ക് ലിസ്റ്റ് ഇല്ലാത്ത അവസ്ഥയാണ്. പി.എസ്.സിയുടെ മെല്ലപ്പോക്ക് ഗുണകരമായി കണ്ട് ഒാരോ താൽക്കാലിക/കരാർ നിയമനത്തിനും 50,000 രൂപ മുതൽ ഒരു ലക്ഷം വരെയാണ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ സെക്രട്ടേറിയറ്റിലെ സംഘടന നേതാക്കൾ കൈമടക്കായി ആവശ്യപ്പെടുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
അസി. സെയിൽസ്മാൻ തസ്തികയിലും നടപടി ഇഴയുന്നു
തിരുവനന്തപുരം: ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അസി. സെയിൽസ്മാൻ തസ്തികയിലും റാങ്ക് ലിസ്റ്റ് നടപടികൾ ഇഴയുകയാണ്. 2021 ആഗസ്റ്റിലാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. ഡിസംബറിൽ മുഖ്യപരീക്ഷ നടത്തിയെങ്കിലും ഇതുവരെ മൂല്യനിർണയ നടപടികൾപോലും ആരംഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലകളിലായി 2898 നിയമനങ്ങൾ നടന്നിരുന്നു. 474 ഒഴിവാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ പി.എസ്.സിക്കു മുന്നിലുള്ളതിനാൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽനിന്ന് നിയമനങ്ങൾ വേണ്ടെന്നാണ് 2022 ഏപ്രിൽ 29ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലെ തീരുമാനം. പകരം പാർട്ടിക്കാരെയും ഇഷ്ടക്കാരെയും താൽക്കാലികാടിസ്ഥാനത്തിൽ മാവേലിസ്റ്റോർ, സൂപ്പർ മാർക്കറ്റുകളിൽ നിയമിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.