തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നീട്ടിയ നൂറോളം പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ഈമാസം 19ന് അവസാനിക്കും. റാങ്ക് പട്ടികകൾക്ക് അധിക കാലാവധി അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചിരിക്കെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളാണ് നാല് ദിവസത്തിനുള്ളിൽ അസ്തമിക്കുക.
മാർച്ച് 20നും ജൂൺ 18നുമിടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് കോവിഡിനെ തുടർന്ന് മൂന്നുമാസത്തേക്ക് നീട്ടിയത്. എന്നാൽ ലോക്ഡൗണിൽ പി.എസ്.സി ഓഫിസുകളടക്കം അടഞ്ഞുകിടന്നതോടെ കാര്യമായ നിയമനങ്ങളൊന്നും നടന്നില്ല. പി.എസ്.സി ഓഫിസുകൾ പൂർണമായി പ്രവർത്തിച്ചുതുടങ്ങിയത് ദിവസങ്ങൾക്ക് മുമ്പാണ്. ജീവനക്കാരില്ലാത്തതിനാൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിനോ, നിയമന ശിപാർശ നടത്താനോ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പിലെ ചില തസ്തികകളിൽ മാത്രമാണ് പേരിനെങ്കിലും നിയമനം നടന്നത്.
സംസ്ഥാന സർവിസിൽനിന്ന് കഴിഞ്ഞ മാർച്ച് മുതൽ മേയ് വരെ വിരമിച്ചത് 19,003 പേരാണ്. 94 വകുപ്പുകളിൽ നിന്നാണ് ഇത്രയുംപേർ വിരമിച്ചത്. പക്ഷേ, ഇവർക്ക് പകരം നടത്തേണ്ട നിയമനങ്ങൾപോലും കോവിഡിനെ തുടർന്ന് തുടങ്ങിയിട്ടില്ല. കോവിഡിന് മുമ്പ് പ്രളയങ്ങളും ഓഖിയും നിപ്പയും കാരണവും നിയമന നടപടികൾ തടസ്സപ്പെട്ടിരുന്നു. സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക കാലാവധി ഒരുവർഷമാണ്. എന്നാൽ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നാലുമാസം ലിസ്റ്റ് മരവിപ്പിച്ചു. പിന്നാലെ മൂന്നുമാസം കോവിഡിലൂടെയും നഷ്ടപ്പെട്ടതോടെ യഥാർഥത്തിൽ ലിസ്റ്റിന് കാലാവധി ലഭിച്ചത് അഞ്ച് മാസം മാത്രം.
സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റ് അടക്കം മറ്റ് പ്രമുഖ തസ്തികകളുടെ റാങ്ക് പട്ടികകൾ പരിശോധിച്ചാലും നിയമനം നടന്നത് 10--15 ശതമാനത്തിൽ താഴെയാണ്.
തൊഴിൽരംഗത്തെ അസാധാരണ പ്രതിസന്ധിയും യാഥാർഥ്യങ്ങളും മനസ്സിലാക്കി സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.