തിരുവനന്തപുരം: കോവിഡ് കാലത്ത് പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകൾ മൂന്ന് മാസമെങ്കിലും നീട്ടേണ്ടതായിരുന്നെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പി.എസ്.സി അപ്പീൽ നൽകും. ചൊവ്വാഴ്ച ചേർന്ന പ്രത്യേക കമീഷൻ യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനുമിടക്ക് കാലാവധി കഴിഞ്ഞ പട്ടികകൾക്ക് ആഗസ്റ്റ് നാലുവരെ പി.എസ്.സി നിയമനം നീട്ടിനൽകിയിരുന്നു. ഇങ്ങനെ നീട്ടി നൽകിയപ്പോൾ ചില റാങ്ക് പട്ടികകൾക്ക് മൂന്നുമാസത്തിൽ കുറവാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. വിധിയുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ ആരംഭിക്കുമെന്നും കോടതി നിർദേശിച്ച കാലയളവിലേക്കുള്ള ഒഴിവുകളിൽ പഴയ റാങ്ക് പട്ടികകളിൽനിന്ന് നിയമനം നടത്താൻ തടസ്സങ്ങളില്ലെന്നും ചെയർമാൻ എം.കെ. സക്കീർ തിങ്കളാഴ്ച വ്യക്തമാക്കി. എന്നാൽ, ചൊവ്വാഴ്ച ചേർന്ന പ്രത്യേക കമീഷൻ യോഗം ചെയർമാന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു.
ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ പോകണമെന്നും കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിന്റെയും ഹൈകോടതി സിംഗിൾ ബെഞ്ചിന്റെയും നിലപാടായിരുന്നു ശരിയെന്നും കമീഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പി.എസ്.സി ചട്ടപ്രകാരമാണ് കാലാവധി നീട്ടിയതെന്നും ഇനിയൊരുമാറ്റം പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഭൂരിപക്ഷം അംഗങ്ങളും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.