ബിരുദം യോഗ്യതയായ തസ്തികകളില്‍  പൊതുപരീക്ഷാ സാധ്യത പരിശോധിക്കുന്നു

തിരുവനന്തപുരം: ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകള്‍ക്കായി പൊതു എഴുത്തുപരീക്ഷയുടെ സാധ്യത പരിശോധിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. യു.പി.എസ്.സി ഇപ്പോള്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെ ബിരുദം യോഗ്യതയായ എല്ലാ തസ്തികകളിലേക്കും പൊതുപരീക്ഷ നടത്തി പ്രത്യേകം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ് ആലോചിക്കുന്നത്. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, സര്‍വകലാശാല അസിസ്റ്റന്‍റ്, കമ്പനി, കോര്‍പറേഷന്‍ എന്നിവയെല്ലാം കൂടി ഒറ്റപ്പരീക്ഷ നടത്തി പ്രത്യേകം ലിസ്റ്റുകളിടും. പരീക്ഷാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. വിശദപരിശോധനക്ക് ശേഷമാകും തീരുമാനം. വൈദ്യുതി ബോര്‍ഡിലെ മീറ്റര്‍ റീഡര്‍/സ്പോട്ട് ബില്ലര്‍ തസ്തികയിലേക്ക് 1000 പേരെ മുഖ്യപട്ടികയിലുള്‍പ്പെടുത്തി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. സോയില്‍ സര്‍വേ വകുപ്പിലെ ട്രേസര്‍ തസ്തികയിലേക്കുള്ള 2017 ജനുവരി 13ലെ പരീക്ഷ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പുതിയസംവിധാനത്തിന്‍െറ പരീക്ഷണമായിരിക്കും ഇത്. ഈ പരീക്ഷ ഒ.എം.ആര്‍ അടിസ്ഥാനത്തിലാണ്.  ഉദ്യോഗാര്‍ഥികള്‍ക്ക് പരിക്ഷാതീയതിക്ക് 40 ദിവസം മുമ്പ് മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 

20 ദിവസം മുമ്പുവരെയേ ഇതിന് സമയം അനുവദിക്കൂ. പുതിയരീതി ഈ പരീക്ഷക്ക് മാത്രമായിരിക്കും. ഇതേക്കുറിച്ചുള്ള  പരാതികള്‍ പരിഹരിക്കാന്‍ റിക്രൂട്ട്മെന്‍റ്, അഡൈ്വസ് വിഭാഗങ്ങള്‍ എന്നിവയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സഹിതം അടുത്ത യോഗത്തില്‍ സമര്‍പ്പിക്കും. പി.എസ്.സി ആസ്ഥാന ഓഫിസില്‍ സ്ത്രീസൗഹൃദ വിശ്രമകേന്ദ്രംനിര്‍മിക്കും. ഇതിന് 11 ലക്ഷം ചെലവാക്കാന്‍ ഭരണാനുമതിനല്‍കി. അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യങ്ങള്‍ യോഗം അംഗീകരിച്ചു. മികച്ച കായികതാരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക്, പുതുതായി ഉള്‍പ്പെടുത്തിയ അഞ്ച് ഇനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കല്‍ എന്നിവയില്‍ വിദഗ്ധസമിതിയുടെ തീരുമാനം സര്‍ക്കാര്‍ അറിയിക്കുന്ന മുറക്ക് നിര്‍ദേശംനല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സീനിയര്‍ ലെക്ചറര്‍ (26 വിഷയങ്ങള്‍) തസ്തികയില്‍ നിലവിലെ 39 ഒഴിവുകളിലേക്ക് നിയമന ശിപാര്‍ശ നല്‍കും. തസ്തികകളിലെ 24 ഒഴിവുകള്‍ പ്രത്യേകമായി വിജ്ഞാപനം ചെയ്യും. 

യു.പി.എസ്.എ മലയാളം (തസ്തികമാറ്റം വഴിയുള്ള നിയമനം) കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്‍റര്‍വ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എന്‍.സി.സി സൈനികക്ഷേമ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ്/ക്ളര്‍ക്ക് ടൈപ്പിസ്റ്റ് (എക്സര്‍വിസ്മാന്‍ മാത്രം) തസ്തികയിലേക്ക് വേഡ് പ്രോസസിങ് സംബന്ധിച്ച് തീരുമാനം നടപ്പാക്കും. 

ലെക്ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍/അസിസ്റ്റന്‍റ് പ്രഫസര്‍ (ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഇന്‍റര്‍വ്യൂ മാത്രം നടത്തും. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഡിപ്പാര്‍ട്ട്മെന്‍റല്‍ ക്വോട്ട) തസ്തികയിലേക്ക് യോഗ്യതയുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും കമീഷന്‍ തീരുമാനിച്ചു. 

Tags:    
News Summary - psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.