തിരുവനന്തപുരം: ആയുഷ് വിഭാഗങ്ങളുടെ ചികിത്സ ആശങ്കകൾക്ക് പരിഹാരമായെങ്കിലും കഴിഞ്ഞദിവസം പാസായ പൊതുജനാരോഗ്യബിൽ പ്രകാരം സംസ്ഥാനതല ആരോഗ്യ സമിതിയിൽ ആയുഷ് സെക്രട്ടറിക്ക് കസേരയില്ല. ആരോഗ്യ സെക്രട്ടറിയുടെ ചുമതല എന്തൊക്കെയാണോ സമാന രീതിയിൽ ആയുർവേദവും ഹോമിയോയുമടക്കം ഉൾപ്പെടുന്ന ആയുഷ് മേഖലയുടെ ചുമതലയുള്ളത് ആയുഷ് സെക്രട്ടറിക്കാണ്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും നിർവഹണ കാര്യത്തിൽ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഉന്നതാധികാര സമിതിയുടെ പബ്ലിക് ഹെൽത്ത് ഓഫിസറും മെംബർ സെക്രട്ടറിയുമായി ആരോഗ്യഡയറക്ടറെ ഉൾക്കൊള്ളിക്കുമ്പോഴാണ് ആയുഷ് സെക്രട്ടറിയെ സമിതിയിൽ അംഗമായി പോലും ഉൾപ്പെടുത്താത്തത്.
അതേസമയം ആയുഷ് സെക്രട്ടറിക്ക് കീഴിലെ ആയുർവേദ -ഹോമിയോ ഡയറക്ടർമാർ സമിതിയിലുണ്ട്. ആരോഗ്യമന്ത്രി സമിതി അധ്യക്ഷയും ആരോഗ്യസെക്രട്ടറി ഉപാധ്യക്ഷയുമായാണ് സമിതിയുടെ ഘടന. ആയുഷ് സെക്രട്ടറിയെ സംസ്ഥാന തല ആരോഗ്യ സമിതിയിൽ ഉൾപ്പെടുത്തണമെന്നതടക്കം കരട് ബില്ലിൽ പ്രധാനമായും മൂന്നു വിയോജിപ്പുകളാണ് ആയുഷ് സംഘടനകൾ ഉന്നയിച്ചിരുന്നത്.
രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആയുഷ് വിഭാഗങ്ങൾ കൂടി നൽകുക, സാംക്രമിക രോഗങ്ങളുടെയും തെരഞ്ഞെടുത്ത ജീവിത ശൈലീ രോഗങ്ങളുടെയും ചികിത്സ അലോപ്പതി വിഭാഗത്തിന് മാത്രമായി നിജപ്പെടുത്തിയ വ്യവസ്ഥകൾ തിരുത്തുക എന്നിവയായിരുന്നു മറ്റു രണ്ട് ആവശ്യങ്ങൾ. ഇവ രണ്ടും പരിഗണിച്ചെങ്കിലും ആയുഷ് സെക്രട്ടറിയുടെ കാര്യം അവഗണിച്ചത് ബോധപൂർവമാണെന്നാണ് സംഘടനകളുടെ വിമർശനം.
പൊതുജനാരോഗ്യബിൽ നിലവിൽ വരുന്നതോടെ സംസ്ഥാനതലത്തിന് പുറമെ, ജില്ല തലത്തിലും തദ്ദേശ സ്ഥാപന പരിധികളിലും ആരോഗ്യസമിതികൾ വരും. ഇതിൽ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികാരം കൂടുതൽ അലോപ്പതി വിഭാഗത്തിനാണെന്ന വിമർശനവുമുണ്ട്.
ജില്ലതല സമിതിയുടെ മെംബർ സെക്രട്ടറി ആരോഗ്യവിഭാഗം ഡി.എം.ഒ ആണ്. എന്നാൽ, മുനിസിപ്പൽ-കോർപറേഷൻ തല സമിതികളിൽ ആയുർവേദ, ഹോമിയോ ഡി.എം.ഒമാർ അംഗങ്ങളായുണ്ടെങ്കിലും മെംബർ സെക്രട്ടറിയുടെ ചുമതല ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡി.എം.ഒക്കാണ്.
സംസ്ഥാന സർക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതി നിർദേശങ്ങൾ സംസ്ഥാന- ജില്ല -പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫിസർമാർ നൽകണമെന്നാണ് ബില്ലിൽ നിഷ്കർഷിക്കുന്നത്. ഈ ഓഫിസർമാർ അലോപ്പതി വിഭാഗക്കാരായതിനാൽ ആയുഷ് വിഭാഗക്കാർക്ക് പ്രാതിനിധ്യം കിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.