കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ മാതാവിന്റെ നിവേദനവും കൂടി പരിഗണിച്ചുവേണം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനെന്ന് ഹൈകോടതി. ഈ ആവശ്യം ഉന്നയിച്ച് മാതാവ് ഫയൽ ചെയ്ത ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിർദേശം. അഡ്വ. രാജേഷ് എം. മേനോനെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ആവശ്യം.
13 വയസ്സുള്ള കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുള്ള കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ, പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. ഇത് റദ്ദാക്കിയ ഹൈകോടതി, പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. പിന്നീട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജിയിലെ ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണം തുടരുകയാണ്.
പാലക്കാട്: വാളയാര്‍ കേസില്‍ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ ഏകപക്ഷീയമായി നിയമിക്കാനുള്ള ശ്രമം ഹൈകോടതി തടഞ്ഞത് സി.ബി.ഐക്കും സര്‍ക്കാറിനുമേറ്റ തിരിച്ചടിയാണെന്ന് സമരസമിതി. രണ്ടു വര്‍ഷം മുമ്പ് സി.ബി.ഐ അന്വേഷണം തുടങ്ങുമ്പോള്‍തന്നെ, പെണ്‍കുട്ടികളുടെ അമ്മ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യവുമായി സര്‍ക്കാറിനെയും സി.ബി.ഐയെയും സമീപിച്ചിരുന്നു. അട്ടപ്പാടി മധു വധക്കേസ് കൃത്യമായി വാദിച്ച പാലക്കാട് ബാറിലെ രാജേഷ് എം. മേനോനെ പ്രോസിക്യൂട്ടറാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനാലാണ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
രണ്ടാം സി.ബി.ഐ അന്വേഷണത്തിലും ആദ്യത്തേതു പോലെ ആത്മഹത്യയാക്കി റിപ്പോര്‍ട്ട് കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തി. കൊലപാതക തെളിവുകൾ കൊടുത്തിട്ടും സി.ബി.ഐ അവയൊന്നും പരിഗണിച്ചിട്ടില്ല. സി.ബി.ഐയുടെ അജണ്ട നടപ്പാക്കാന്‍ പറ്റിയ അഭിഭാഷകനെ വെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമരസമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.