തൃശൂർ: കേരള ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ മീറ്ററധിഷ്ഠിത ഗാർഹിക കണക്ഷനാക്കുന്നു. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍റെ ശിപാർശകളിലുള്ള (ഒന്നാം റിപ്പോർട്ട്) നടപടി രേഖയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേരള ജല അേതാറിറ്റിയുടെ പൊതുടാപ്പുകൾ മീറ്ററധിഷ്ഠിത ഗാർഹിക കണക്ഷനുകളായി പരിവർത്തിപ്പിക്കാൻ ജൽജീവൻ മിഷൻ പദ്ധതിയിലും നിർദേശിച്ചിരുന്നു. 2012-13 സാമ്പത്തിക വർഷത്തിനുള്ളിൽ പൊതുടാപ്പുകളുടെ മാറ്റം പൂർത്തീകരിക്കണമെന്നായിരുന്നു സംസ്ഥാന ധനകമീഷന്‍റെ ആവശ്യം. ഈ പ്രവർത്തനത്തിന് മുന്തിയ പരിഗണന നൽകാമെന്ന തീരുമാനം നടപടിക്കുറിപ്പിൽ സർക്കാർ അറിയിച്ചു.
കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവക്ക് നൽകാനുള്ള തുക പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവ മുഖ്യപരിഗണന നൽകി തിരിച്ചടക്കണമെന്ന ധനകമീഷൻ ശിപാർശ സർക്കാർ അംഗീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അറിയിച്ച് ഈ തുക യഥാസമയം അടക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിക്കാണ്. തുക അടക്കുന്നതിൽ വരുന്ന കാലതാമസത്തിനുള്ള പിഴ അദ്ദേഹത്തിന്റെ വ്യക്തിപര ബാധ്യതയായിരിക്കും. ഇക്കാര്യം അടിയന്തരമായി പ്രാവർത്തികമാക്കേണ്ടതാണെന്ന ധനകമീഷന്‍റെ ശിപാർശ സർക്കാർ അംഗീകരിച്ചു.
വികസന ഫണ്ടിനത്തിലും സംരക്ഷണ ഫണ്ടിനത്തിലും പൂർണമായും ചെലവിടാത്ത തുക പരമാവധി 20 ശതമാനം വരെ അടുത്ത വർഷത്തേക്ക് ക്യാരി ഓവർ ചെയ്യാനുള്ള ശിപാർശ തത്ത്വത്തിൽ അംഗീകരിച്ചു. എന്നാൽ ഓരോ സാമ്പത്തിക വർഷവും ലഭ്യമാകുന്ന ഫണ്ടിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുകയെന്നും 35 പേജുകളടങ്ങിയ നടപടിക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ പദ്ധതി തുകയിൽ നിശ്ചിത ശതമാനം വികസന ഫണ്ടായി വകയിരുത്തുന്ന രീതി തുടരും. 2021-22 സാമ്പത്തിക വർഷം വികസന ഫണ്ട് വിഹിതം സംസ്ഥാന പദ്ധതി തുകയുടെ 26 ശതമാനം ആക്കാനും തുടർ വർഷങ്ങളിൽ 30 ആകുന്നതുവരെ പ്രതിവർഷം 0.5 ശതമാനം വീതം വർധിപ്പിക്കാനും ഉള്ള ശിപാർശ അംഗീകരിച്ചു.
നികുതി, നികുതിയേതര തുകകൾ അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട പ്രാദേശിക സർക്കാറുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ധനകമീഷന്‍റെ ശിപാർശയിൽ ഏത് തുകക്ക് മുകളിൽ വീഴ്ച വരുത്തുന്നവരുടെ പേരുകളാണ് പ്രസിദ്ധീകരിക്കേണ്ടതെന്നതിൽ വ്യക്തത വേണമെന്നും ഇത്തരക്കാരുടെ പട്ടിക സോഫ്റ്റ്വെയർ മുഖേന സ്വമേധയാ സൃഷ്ടിക്കണമെന്നും സർക്കാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.