കാസർകോട്: സംസ്ഥാനത്തെ ആഡംബരവാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുകവഴി 150 കോടിയിലേറെ രൂപയുടെ നികുതിവെട്ടിച്ചതായി ഗതാഗതവകുപ്പ് അന്വേഷണസംഘം കണ്ടെത്തി. മൂന്നുദിവസമായി പുതുച്ചേരിയിൽ നടത്തിയ പരിശോധനയിൽ 1500ൽപരം പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങളാണ് കേരളത്തിലുള്ളതെന്ന് കണ്ടെത്തി. ഇത്രയും വാഹനങ്ങളുടെ രജിസ്ട്രേഷൻ സൂക്ഷ്മപരിേശാധനക്ക് വിധേയമാക്കും. ഇവയിൽ 35 വാഹനങ്ങൾ മാതൃകയായി പരിശോധിച്ചപ്പോൾതന്നെ എല്ലാം വ്യാജവിലാസങ്ങൾ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തി. പരിശോധിക്കാൻ ബാക്കിയുള്ളവയിൽ 99 ശതമാനവും വ്യാജമാകാനാണ് സാധ്യതയെന്നും അന്വേഷണസംഘം ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രമുഖ സിനിമാതാരങ്ങളുടെ വാഹനങ്ങളും നികുതിവെട്ടിച്ചവയുടെ പട്ടികയിലുണ്ട്. ഇവയുടെ രജിസ്ട്രേഷനെ ന്യായീകരിക്കാനുള്ള രേഖകളൊന്നും പുതുച്ചേരിയിലെ മോേട്ടാർ വാഹനവകുപ്പ് ഒാഫിസുകളിലില്ല. ബെൻസ്, ഒൗഡി, റേഞ്ച്റോവർ, ബി.എം.ഡബ്ല്യൂ, ജാക്സൺ തുടങ്ങിയ ആഡംബരക്കാറുകളും ഹാർലി ഡേവിഡ്സൺ മോഡൽ ബൈക്കുകളുമാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തവയിൽ ഏറെയും. ഇൗ വാഹനങ്ങളിൽ 30 ശതമാനവും എറണാകുളം ജില്ലയിലാണ്.
തൃശൂരാണ് രണ്ടാമത്. മറ്റു ജില്ലകളിലും ചെറുതും വലുതുമായതോതിൽ പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങളുണ്ട്. 10 ലക്ഷം മുതൽ 30 ലക്ഷംവരെയാണ് ഒാരോ വാഹനവും നികുതി വെട്ടിക്കുന്നത്. അന്വേഷണസംഘം ട്രാൻസ്പോർട്ട് കമീഷണർക്ക് വിശദ റിപ്പോർട്ട് കൈമാറും. എല്ലാ ആർ.ടി ഒാഫിസുകൾക്കും തുടർനടപടിക്ക് നിർദേശം നൽകും. പുതുച്ചേരിയിൽ വ്യാജരേഖകൾ നൽകി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇനി കേരളത്തിലെ റോഡുകളിലിറങ്ങണമെങ്കിൽ വെട്ടിച്ച നികുതി നൽകേണ്ടിവരും.
ട്രാൻസ്പോർട്ട് അതോറിറ്റി അസി. സെക്രട്ടറി പി.എസ്. സന്തോഷ്, ജോയൻറ് ആർ.ടി.ഒ ബൈജു െജയിംസ്, മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിനോദ്കുമാർ, ജോർജ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഇൗമാസം ആറിനാണ് സംഘം പുതുച്ചേരിയിൽ പരിശോധനക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.