പുൽപള്ളി: പുൽപള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ ഒന്നാം പ്രതി കെ.പി.സി.സി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാമിന്റെ വീട്ടിലും സഹകരണ ബാങ്കിലുമടക്കം അഞ്ചിടങ്ങളിൽ എൻഫോഴ്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ശനിയാഴ്ച രാവിലെ എത്തിയ കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകീട്ടുവരെ നീണ്ടു.
കേസിൽ ഉൾപ്പെട്ട ബാങ്ക് മുൻ സെക്രട്ടറി രമാദേവിയുടെ മീനങ്ങാടിയിലെ വീട്, മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിയുടെ പുൽപള്ളിയിലെ വീട്, വായ്പ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന പി.യു. തോമസിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി. കെ.കെ. അബ്രഹാമിന്റെ പുൽപള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടിലെ രേഖകൾ പരിശോധിച്ചു. ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മുമ്പ് സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ എട്ടര കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിജിലൻസും അന്വേഷണം നടത്തിയിട്ടുണ്ട്. തലശ്ശേരി വിജിലൻസ് കോടതിയിൽ വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസ് സമർപ്പിച്ച കുറ്റപത്രത്തിൽ 5.62 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.