പുൽപള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയിൽ

പുൽപള്ളി: വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വായ്പ തട്ടിപ്പിനിരയായ കർഷകനെ വീടിനടുത്തെ തോട്ടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച പുലർച്ചെ ഒന്നിന് പുൽപള്ളിയിലെ വീട്ടിൽനിന്നാണ് അബ്രഹാമിനെ കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമാദേവിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അബ്രഹാമിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്പകള്‍ നല്‍കിയത് നിയമപരമായി ആണെന്ന് അദ്ദേഹം പ്രതികരിച്ചു. വായ്പ തട്ടിപ്പ് കേസിലെ പരാതിക്കാരനായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായരെയാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജേന്ദ്രൻ നായർ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവിൽ പലിശ സഹിതം 40 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്നും പുൽപള്ളി സർവിസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാൽ, 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ഈ ഭൂമിയുടെ രേഖവെച്ച് ബിനാമി സംഘം തട്ടിയെടുത്തെന്നും വീട്ടുകാർ പറഞ്ഞു. തന്റെ പേരിൽ ബാങ്കിൽ വൻ തുക ബാധ്യതയുണ്ടെന്ന് അറിഞ്ഞതുമുതൽ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു.

താനറിയാതെ ഭരണസമിതിയിലെ ചിലർ ചേർന്ന് പണം തട്ടിയെടുത്തെന്നു ചൂണ്ടിക്കാണിച്ച് ഇദ്ദേഹം പരാതി നൽകിയിരുന്നു. അബ്രഹാം പ്രസിഡന്റായിരുന്ന സമയത്താണ് എട്ടരക്കോടി രൂപയുടെ വായ്പ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. കേസിപ്പോൾ ഹൈകോടതിയിലാണ്.

Tags:    
News Summary - Pulpally Bank Loan Fraud: KPCC General Secretary K.K. Abraham in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.