പ്രതിഷേധം ആളിക്കത്തി; പുൽപ്പള്ളിയിൽ പൊലീസ് ലാത്തിവീശി

പുൽപ്പള്ളി: വന്യജീവി ആക്രമണത്തിന് പരിഹാരം വേണമെന്ന ആവശ്യവുമായി വയനാട് പുൽപ്പള്ളിയിൽ മണിക്കൂറുകളായി തുടരുന്ന പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ്. പ്രതിഷേധക്കാർ വനംവകുപ്പ് ജീപ്പ് കേടുവരുത്തുകയും പിരിഞ്ഞുപോകാതിരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ലാത്തിവീശിയത്. ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ വി.പി. പോളിന്‍റെ മൃതദേഹവുമായാണ് നാട്ടുകാർ ഇന്ന് രാവിലെയോടെ പുൽപ്പള്ളിയിൽ പ്രതിഷേധം തുടങ്ങിയത്. 

പുൽപ്പള്ളി ടൗണിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. ഇതിനിടെ സ്ഥലത്തെത്തിയ വനംവകുപ്പിന്‍റെ ജീപ്പ് പ്രതിഷേധക്കാർ തടയുകയും ജീപ്പിന് മേൽ റീത്ത് വെക്കുകയും ചെയ്തു. ജീപ്പിന്‍റെ ഷീറ്റുകൾ വലിച്ചുകീറുകയും പുൽപ്പള്ളി 56ൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്നുകാലിയുടെ ജഡം ജീപ്പിനു മുകളിൽ കൊണ്ടിടുകയും ചെയ്തു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമായി. സംഘർഷ സാഹചര്യത്തിലാണ് കൂടുതൽ പൊലീസ് എത്തി പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശിയത്. പൊലീസിന് നേരെ ചെറിയ തോതിൽ കല്ലേറുമുണ്ടായി.  

 

അതിനിടെ, വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ഇന്നലെ രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനിൽ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Pulpally protest police lathicharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.