കോഴിക്കോട്: വയനാട് പുൽപ്പള്ളി സെൻറ് ജോർജ് ടി.ടി.ഐ എന്ന സ്ഥാപനം എസ്.സി-എസ്.ടി വിദ്യാർഥികളുടെ ഇ- ഗ്രാന്റ് 10,01,841 രൂപ തട്ടിയെടുത്തതായി ധനകാര്യ അന്വേഷണ റിപ്പോർട്ട്. ഈ തുക 18 ശതമാനം പലിശയുൾപ്പെടെ ടി.ടി.ഐ അധികൃതരിൽനിന്ന് അടിയന്തരമായി ഈടാക്കുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ടി.ടി.ഐയിൽ ഹോസ്റ്റൽ രജിസ്റ്ററിൽ പേര് ചേർക്കാത്ത വിദ്യാർഥികളുടെ പേരിൽ ഹോസ്റ്റൽ ഫീസ് ഇനത്തിൽ സ്ഥാപനം കൈപ്പറ്റിയത് 8,84,000 രൂപയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികൾ സ്ഥാപനത്തിൽനിന്നു പഠനം നിർത്തിപ്പോയതിനു ശേഷവും അവരുടെ യഥാർഥ ബോർഡിങ് , ലോഡ്ജിങ് ചാർജ് ഇനത്തിലുള്ള തുക ക്ലെയിം ചെയ്തു. കോളജിന്റെ അക്കൗണ്ടിൽ വരവ് വെച്ച ഇനത്തിൽ കൈപ്പറ്റിയത് 72,241 രൂപയാണ്. പഠനം നിർത്തിപ്പോയ വിദ്യാർഥികളുടെ മുഴുവൻ വർഷത്തെയും ട്യൂഷൻ ഫീസ്, എക്സാം ഫീസ്, സ്പെഷൽ ഫീസ് എന്നിവ ക്ലെയിം ചെയ്തയിനത്തിലുള്ള 45,600 രൂപയും കൈപ്പറ്റി. അങ്ങനെയാണ് 10,01,841 രൂപ തട്ടിയതെന്ന് പരിശോധനയിൽ കണ്ടെത്തിയത്.
ടി.ടി.ഐയിൽ ഇ-ഗ്രാന്റ് തുക വിനിയോഗത്തിൽ വർഷങ്ങളായി ഗുരുതര ക്രമക്കേടുകൾ നടന്നിട്ടും അത് കണ്ടുപിടിച്ച് നടപടി സ്വീകരിക്കാൻ സുൽത്താൻബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിൽനിന്നും വിശദീകരണം വാങ്ങി ഭരണ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പട്ടികജാതി-വർഗ വകുപ്പിൽ നിന്നും ഗ്രാൻറ് തുക വിദ്യാഭ്യാസ സ്ഥാപനത്തിന് വിദ്യാർഥികൾക്ക് അനുവദിച്ച് നൽകിയശേഷം ഈ വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ ഈ കോഴ്സുകളിൽ പഠനം തുടരുന്നുണ്ടോ എന്നും താമസ സൗകര്യവും മറ്റും പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങൾ ടി. ടി.ഐ. ഇ-ഗ്രാൻറ്സ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നില്ല.
ഗ്രാന്‍റ് തുക അനുവദിച്ചശേഷം പട്ടികജാതി-വർഗ വകുപ്പിൻറെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ യാതൊരു നിരീക്ഷണവും നടത്തിയില്ല. ഇത് ഗ്രാൻറ് തുക അർഹതപ്പെട്ട സേവനത്തിന് പ്രയോജനപ്പെടാതെ അനർഹമായി കൈക്കലാക്കുന്നതിന് കാരണമായി. അതിനാൽ ഇ-ഗ്രാൻറ്സ് വെബ്സൈറ്റിൽ മേൽ വിഷയങ്ങൾ ഓരോ മാസവും അപ്‌ഡേറ്റ് ചെയ്യുന്നതിന് കർശന നിർദേശം നൽകുകയും ഭരണ വകുപ്പ് തലത്തിൽ ഓരോ വർഷവും രണ്ടു തവണയെങ്കിലും ഇത് സംബന്ധിച്ച് ഭൗതിക പരിശോധനയും നടത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
സമാന രീതിയിൽ സർക്കാർ ഇ-ഗ്രാൻറ് അനുവദിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ ഗ്രാൻറ് തുക വിനിയോഗം സംബന്ധിച്ച് തൂക അനുവദിച്ച് നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽ വിശദമായ ഓഡിറ്റ് പരിശോധന നടത്തുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണെന്നും ശിപാർശ ചെയ്തു.
സെന്റ് ജോർജ്ജ് ടി.ടി.ഐയിൽ നിന്നും പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന കെ.എ. അതുല്യ എന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻസ്ഷൻ ഓഫിസർ സ്ഥാപനത്തിൽ ആദ്യം പരിശോധന നടത്തിയത്. പരാതിക്കാരിയായ കുട്ടിയുടെ ആരോപണത്തിൽ വസ്തുത ഉണ്ടെന്നു മനസിലായതിന്റെ അടിസ്ഥാനത്തിൽ വയനാട് കലക്ടർ പരാതി കൂടുതൽ പരിശോധനക്കായി ധനകാര്യ പരിശോധനാ സ്ക്വാഡിന് കൈമാറുകയായരുന്നു.
ദരിദ്രരായ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർഥികളുടെ ഉന്നമനത്തിനായി സർക്കാർ നൽകുന്ന ഗ്രാൻറ് കോളജ് അധികൃതർ തട്ടിയെടുത്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിശദ പരിശോധന നടത്തുന്നതിനായി സ്ഥാപനത്തിൽ എത്തിയപ്പോൾ പരാതി കാലയളവിലെ രജിസ്റ്ററുകൾ ഒന്നും കൃത്യമായി സൂക്ഷിച്ചിട്ടില്ല. ഇ- ഗ്രാൻറ് അനുവദിച്ചത് സംബന്ധിച്ച് കൃത്യമായ രജിസ്റ്ററുകളും സൂക്ഷിക്കപ്പെട്ടിട്ടില്ല. പഴയ ഹോസ്റ്റൽ രജിസ്റ്ററുകൾ സ്ഥാപനത്തിൽ കാണുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്.
ഇ-ഗ്രാന്റ് അനുവദിച്ചത് സംബന്ധിച്ച മുൻ വർഷങ്ങളിലെ വിവരങ്ങൾ ഇ-ഗ്രാന്റ് സൈറ്റിൽ അപ്ഡേഷൻസ് വന്നതിനാൽ നിലവിൽ ലഭിക്കുന്നില്ല എന്ന് സുൽത്താൻ ബത്തേരി ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ അറിയിച്ചു. പരിശോധനാവേളയിൽ ഇത് വളരെ പ്രയാസം ഉണ്ടാക്കി. ഇ-ഗ്രാൻറ് അനുവദിക്കുമ്പോൾ സ്ഥാപനത്തിൽ ഓരോ മാസവും എത്ര കട്ടികൾ പഠിക്കുന്നു, എത്ര കുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഉറപ്പു വരുത്തിയിട്ടില്ല. ഇത്തരത്തിൽ സർക്കാർ ധനം ദുരുപയോഗം ചെയ്യപ്പെടുന്നത് നിയന്ത്രിക്കുകയും ചെയ്തില്ല. ഇത് ഗൗരവമായ കുറ്റകൃത്യമാണ്.
2004-2005 വർഷത്തിലാണ് സെൻറ് ജോർജ് ടി.ടി.ഐ എന്ന സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപനം ആരംഭിച്ചതു മുതൽ അക്കൗണ്ടൻറ് കം ക്ലാർക്ക് തസ്തികയിൽ ബെക്സി വർഗീസ് ഉണ്ടായിരുന്നു എന്നാണ് പരിശോധനയിൽ വ്യക്തമായത്. കുട്ടികളുടെ വിവിധയിനത്തിലുള്ള ഇ-ഗ്രാൻറ് തുകകൾ ബെക്സിയാണ് ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നത് എന്ന് ചുമതലയിലുണ്ടായിരുന്ന അന്നത്തെ പ്രിൻസിപ്പാൾ അറിയിച്ചത്. കുട്ടികൾക്ക് ഇ-ഗ്രാൻറ് തുകകൾ വിതരണം ചെയ്യുന്നതിനായി ബെക്സി ആവശ്യപ്പെടുമ്പോഴെല്ലാം ചെക്കിൽ ഒപ്പിട്ട് നൽകുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ മാനേജ്മെന്റിന് ലഭിക്കേണ്ടതായ നാല് ലക്ഷം രൂപയിലധികം ബെക്സി തട്ടിയെടുത്തു. ഈ പണാപഹരണം പിടിക്കപ്പെട്ട സാഹചര്യത്തിൽ ഈ തുക ബെക്സിയിൽ നിന്നും മാനേജ്‌മെൻറ് തിരികെ ഈടാക്കി. തുടർന്ന് ബെക്സി വർഗീസിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയെന്നാണ് അന്നത്തെ പ്രിൻസിപ്പാൾ നൽകിയ വിശദീകരണം.
സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നും കോഴ്സ് സംബന്ധിച്ച്(കോഴ്സ് പൂർത്തിയാക്കിയത്. റിമൂവ് ചെയ്തത്. ടി.സി നൽകിയത്) ചേർക്കേണ്ട വിവരങ്ങൾ പൂർണമായും ചേർത്തിട്ടില്ല. ക്രമക്കേട് സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാനായി ഉണ്ടാക്കിയെടുത്ത രജിസ്റ്ററുകളാണ് സ്ക്വാഡിന് മുന്നിലും അധികൃതർ ഹാജരാക്കിയത്. പഠനം നിർത്തിപ്പോയ വിദ്യാർഥികളുടെ വിവരങ്ങളെല്ലാം അപൂർണമായി ഒരു ചെറിയ നോട്ട് പുസ്തകത്തിൽ തികച്ചും നിരുത്തരവാദപരമായി രേഖപ്പെടുത്തിയാണ് ഹാജരാക്കിയത്.
ഹോസ്റ്റൽ രജിസ്റ്ററിൽ പട്ടികജാതി-വർഗ വകുപ്പിൽ നിന്നും ഹോസ്റ്റൽ ഫീസിനത്തിൽ തുക കൈപ്പറ്റിയ പല വിദ്യാർഥികളുടെയും പേരുകൾ ഉൾപ്പെട്ടതായി കാണുന്നില്ല. അന്ന് ചുമതലയിലുണ്ടായിരുന്ന ക്ലാർക്കിൻറെ വിശദീകരണം പരിശോധിച്ചതിൽ നിന്നും ഈ വിദ്യാർഥികളെല്ലാം ഹോസ്റ്റലിൽ നിന്നിട്ടുള്ളവരാണ്. 2021 ജൂൺ 29 ന് മുൻപ് വരെയുള്ള കാലയളവിൽ ഹോസ്റ്റൽ വാർഡന് ഓരോ കുട്ടിയുടെയും പേരിൽ കൈമാറുന്ന തുക ഹോസ്റ്റൽ വാർഡൻ കൈപ്പറ്റിയതായി എഴുതി ഒപ്പിട്ടു നൽകുന്ന ഒരു രജിസ്റ്റർ ഉണ്ടായിരുന്നുവെന്നും അത് നഷ്ടപ്പെട്ടുവെന്നും വിശദീകരണം നൽകി. ഇത് അവിശ്വസനീയമാണ്. അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ഇടപെട്ടിരുന്നതിനാൽ സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിന് സാധിച്ചിരുന്നില്ല എന്ന അന്നത്തെ പ്രിൻസിപ്പാളിൻറെ വിശദീകരണം കൃത്യനിർവഹണത്തിൽ വന്നിട്ടുള്ള ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.