കൊല്ലം: 'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ പള്ളിത്തോട്ടം മത്സ്യഗ്രാമത്തിൽ നിർമിച്ച പുതിയ ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറി.114 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ക്യു.എസ്.എസ് നീലിമ ഫ്ലാറ്റ് സമുച്ചയമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറിയത്. 13.51 കോടി രൂപ ചെലവിട്ടാണ് മികച്ച സൗകര്യങ്ങളോട് കൂടിയ പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്.
രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന ആദ്യത്തെ പുനരധിവാസ പദ്ധതിയാണ് പുനർഗേഹം. പൊന്നാനി (128), ബീമാപള്ളി (20), കാരോട് (128) എന്നിവിടങ്ങളിലായി 276 യൂനിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച് ഇതിനകം ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
വിവിധ ജില്ലകളിലായി 898 ഫ്‌ളാറ്റുകള്‍ക്ക് ഭരണാനുമതി ലഭിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലുമാണ്. ഇതില്‍ ഉള്‍പ്പെടുന്ന 114 ഫ്‌ളാറ്റ് അപ്പാര്‍ട്ട്‌മെന്റുകളാണ് കൊല്ലം മത്സ്യഗ്രാമത്തിൽ ഉദ്ഘാടനം ചെയ്തത്. ഇതോടെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി ആകെ 390 ഫ്ലാറ്റ് സമുച്ചയങ്ങൾ തുറന്നുനൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു.
കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത മേഖലയിലെ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും തീരദേശവാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. അതിലേക്കുള്ള ഉറച്ചചുവടാണ് പുനർഗേഹം പദ്ധതി.
തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പുനർഗേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.