നെടുങ്കണ്ടം: ദേവികുളം എം.എൽ.എ എ.രാജയുടെനിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധി സമൂഹത്തിന് മാതൃകയാവണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. അയ്യൻകാളി ചരിത്ര സ്മാരക സംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം തേർഡ് ക്യാമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് കോടതി എം.എൽ.എ യുടെ നിയമസഭാംഗത്വം റദ്ദാക്കിയത്. അനർഹർക്ക് അവസരങ്ങൾ കവരാൻ രാഷ്ട്രീയ പിന്തുണ നൽകുന്നത് ശരിയായ നടപടിയല്ല. പട്ടിക വിഭാഗങ്ങളുടെ പരിരക്ഷകൾ പ്രതിസന്ധി നേരിടുന്ന വർത്തമാനകാലത്ത് നിലവിലുള്ള പരിമിതമായ ആനുകുല്യങ്ങളെയും അട്ടിമറിക്കാനുളള ശ്രമം ജാഗ്രതയോടെ കാണണം.
പട്ടിക വിഭാഗങ്ങളെ പൊതുമണ്ഡലത്തിൽ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികൾ ജനപ്രാതിനിധ്യ നിയമത്തിലെ നിഷ്ക്കർഷ കൊണ്ടു മാത്രം നിലനിൽക്കുന്ന അവസരങ്ങളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമ പരിജ്ഞാനമുള്ള, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി തെറ്റായ വിവരങ്ങൾ കോടതിയെ ധരിപ്പിച്ചതും, കൃത്രിമ രേഖകൾ ചമച്ചതും ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യൂനിയൻപ്രസിഡന്റ് എ.എ. ഉണ്ണി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ രാജൻ ,ശിവൻ കോഴിക്കമാലി,യൂനിയൻ സെക്രട്ടറി സുനീഷ് കുഴിമറ്റം, കെ.കെ സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.