കൊച്ചി: പുതുവൈപ്പിലെ നിർദിഷ്ട എൽ.പി.ജി ടെർമിനലിനെതിരെ സമരം ചെയ്യുന്നവരെ അതിക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം കത്തുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച ഡി.ജി.പിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്തുണച്ചതോടെ ഭരണമുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിൽ ഏറ്റുമുട്ടലിന് വഴിതുറന്നു. മുഖ്യമന്ത്രിക്കും പൊലീസ് നയത്തിനുമെതിരെ സി.പി.എം മുഖപത്രവും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ നേതാക്കളും പരസ്യമായി രംഗത്തെത്തി. പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ ഡി.സി.പി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് സി.പി.െഎ ആവശ്യപ്പെട്ടു.
അതിനിടെ, പൊലീസ് നരനായാട്ടിലും തളരാത്ത വീര്യത്തോടെ പുതുവൈപ്പിൽ ജനകീയ സമരസമിതി നടത്തുന്ന ഉപരോധസമരം 127ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ അറിയിച്ച് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, കാനം രാജേന്ദ്രൻ, കൊച്ചി അതിരൂപത പ്രതിനിധികൾ എന്നിവർ സമരപ്പന്തലിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച തിരുവനന്തപുരത്ത് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
സമരത്തിന് തീവ്രവാദബന്ധമുണ്ടെന്ന ഡി.ജി.പിയുടെ പരാമർശം സര്‍ക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചതായി സമരക്കാരെ സന്ദർശിച്ച കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാറിനെതിരായ പൊലീസ് ഗൂഢാലോചനയാണ് പുതുവൈപ്പിൽ കണ്ടത്. തീവ്രവാദബന്ധമുണ്ടെന്ന് പറയുന്നത് സമരക്കാരെ അപഹസിക്കലാണ്. പ്രധാനമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് ഇടപെട്ടതെന്ന ഡി.ജി.പിയുടെ പരാമർശത്തെക്കുറിച്ച് ഡൽഹിയിലുള്ള പ്രധാനമന്ത്രിയെ സമരക്കാർ എങ്ങനെ തടയുമെന്നായിരുന്നു കാനത്തിെൻറ ചോദ്യം.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം റേഞ്ച് െഎ.ജി ഒാഫിസിലേക്ക് എ.െഎ.വൈ.എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി തുറന്നുപറയണമെന്നും പൊലീസിനെ സി.പി.െഎ നിലക്കുനിർത്താമെന്നും രാജു പറഞ്ഞു. പക്ഷേ, താൻ പറഞ്ഞാൽ കേൾക്കുന്ന പൊലീസല്ല ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. ബി.ജെ.പിയുടെ നോമിനിയായ ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയെ സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ ജനങ്ങൾ സംശയിക്കും. ജനങ്ങളെ അടിച്ചമർത്തുന്ന നയം പൊലീസ് തുടർന്നാൽ കൊച്ചിയിൽ നിയമവാഴ്ച വേണ്ടെന്ന് വെക്കേണ്ടിവരുമെന്നും രാജു മുന്നറിയിപ്പ് നൽകി.
സി.പി.െഎ മുഖപത്രമായ ‘ജനയുഗം’ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇടതുസർക്കാറിെൻറ പൊലീസ് നയം പ്രവൃത്തിയിലൂടെയാണ് മുഖ്യമന്ത്രി കാട്ടിക്കൊടുക്കേണ്ടതെന്ന് പത്രം മുഖപ്രസംഗത്തിൽ തുറന്നടിച്ചു. പൊലീസ് ഇടപെട്ടില്ലെങ്കിൽ സ്ഥിതിഗതി വഷളാകുമായിരുന്നെന്നും പ്രധാനമന്ത്രി വരുന്ന സ്ഥലത്തേക്ക് കടക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്നുമാണ് കോടിയേരി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.