തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തന പാരമ്പര്യമുള്ള പിണറായി വിജയനുനേരെ കടുത്ത കടന്നാക്രമണമാണ് പി.വി. അൻവർ എം.എൽ.എ വ്യാഴാഴ്ച നടത്തിയത്. ഇനിയൊന്നും പറയാൻ ബാക്കിയില്ലെന്നവിധം തുറന്നടിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നീക്കമായിരുന്നു അത്. വിവാദം ഈ നിലയിൽ വഷളാകുമെന്ന് അൻവർ കരുതിയിരുന്നില്ലെന്നുറപ്പ്. മുഖ്യമന്ത്രിയോട് ചേർന്നുപോകാൻ തയാറായിരുന്ന തന്നെ പ്രകോപിച്ചിച്ചപ്പോൾ മറ്റു വഴികളില്ലാതെയാണ് തിരിച്ചടിച്ചതെന്ന് ഒടുവിലത്തെ വാർത്തസമ്മേളനത്തിലും അൻവർ പറഞ്ഞു.
പ്രശ്നം ഈ നിലയിലെത്താൻ പാർട്ടിയും ആഗ്രഹിച്ചിരുന്നില്ല. അൻവർ പി. ശശിക്കും എ.ഡി.ജി.പിക്കുമെതിരെ ബോംബുകൾ ഓരോന്നായി പൊട്ടിച്ചപ്പോഴും പതിവില്ലാത്ത സംയമനം പാലിച്ചത് അതുകൊണ്ടാണ്.
കൊണ്ടും കൊടുത്തും നീങ്ങിയപ്പോൾ വിവാദം ഇരുകൂട്ടരുടെയും കൈയിൽനിന്ന് പോയി. ഇപ്പോൾ അൻവറും പാർട്ടിയും ഒരുപോലെ പരിക്കേറ്റ നിലയിലാണ്. അൻവർ സ്വർണക്കടത്തുകാർക്കുവേണ്ടി സംസാരിക്കുന്നെന്ന് പറയാതെ പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടാണ് പൊട്ടിത്തെറിക്കുള്ള പ്രകോപനം.
പിടികൂടുന്ന സ്വർണം പൊലീസ് വീതിച്ചെടുക്കുന്നെന്ന തന്റെ വാദത്തിന് വിഡിയോ തെളിവുകൾ കാണിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ രണ്ട് മണിക്കൂർകൊണ്ട് എല്ലാം പറഞ്ഞു.
താനുമായി ഉടക്കിയ ഓൺലൈൻ മാധ്യമസ്ഥാപനത്തെ പൂട്ടാൻ കച്ചകെട്ടിയിറങ്ങിയ അൻവറിന് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെയും എ.ഡി.ജി.പി അജിത്കുമാറിന്റെയും പിന്തുണ കിട്ടിയില്ല.
ഇരുവർക്കുമെതിരായ വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കി ഓൺലൈൻ മാധ്യമത്തിനെതിരെ നടപടിയെടുപ്പിക്കാനായി അൻവറിന്റെ പിന്നീടുള്ള ശ്രമം. മുഖ്യമന്ത്രി വഴങ്ങാതെവന്നതോടെ പരാതി പാർട്ടിക്ക് മുന്നിലെത്തിച്ച് പിണറായിയെ വഴിക്കുവരുത്താൻ നോക്കി. പിണറായി പറഞ്ഞതിനപ്പുറം പാർട്ടിയുമില്ലെന്ന് വ്യക്തമാകാൻ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ.
മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനവും പി. ശശിക്കെതിരെ അന്വേഷണമില്ലെന്ന പാർട്ടി നിലപാടും ഇനിയൊന്നും പ്രതീക്ഷിക്കേണ്ടെന്ന തിരിച്ചറിവിൽ അൻവറിനെ എത്തിച്ചു. പോകുന്ന പോക്കിൽ പറയാൻ ബാക്കിവെച്ചതെല്ലാം അദ്ദേഹം പുറത്തുവിട്ടു.തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാൻ എ.ഡി.ജി.പി അജിത്കുമാർ പൂരം കലക്കിയത് മുഖ്യമന്ത്രിയും കേന്ദ്രഭരണകക്ഷിയും തമ്മിലെ നീക്കുപോക്കാണെന്നും ആർ.എസ്.എസ് കൂടിക്കാഴ്ച സമ്മതിച്ചിട്ടും അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് അതുകൊണ്ടാണെന്നും അൻവർ തുറന്നടിച്ചു.
താൻ പരാതിയുന്നയിച്ച മാധ്യമസ്ഥാപനത്തിന് പി. ശശിയും അജിത്കുമാറും സംരക്ഷണമൊരുക്കിയതും നീക്കുപോക്കിന്റെ ഭാഗമാണെന്ന് കൂട്ടിച്ചേർത്തു. സി.പി.ഐ അടക്കം ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടും അജിത്കുമാറിനെ കൈവിടില്ലെന്ന മുഖ്യമന്ത്രിയുടെ വാശി, സി.പി.എമ്മിന്റെ ഇടതുസ്വഭാവത്തെ ചോദ്യംചെയ്യുന്ന നിലയിലെത്തി. അൻവറിന്റെ വിമർശനങ്ങൾക്കും പിണറായി-ആർ.എസ്.എസ് അന്തർധാരയെന്ന പ്രതിപക്ഷ ആരോപണത്തിനും വിശ്വാസ്യത ലഭിക്കുന്ന സാഹചര്യമാണുള്ളത്.
അതേസമയം, അൻവറിനെ തള്ളിപ്പറഞ്ഞതോടെ അകത്തുനിന്നുള്ള ആക്രമണം മാറിക്കിട്ടുമെന്ന് സി.പി.എമ്മിന് ആശ്വസിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.