കൊച്ചി: രാജ്യത്താദ്യമായി പൊതുവിഭാഗത്തിലുൾപ്പെടുന്ന കായികതാരങ്ങൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി നടത്തുന്ന കായികമേള എന്ന സുവർണ അധ്യായം കൂടിയാവും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള എഴുതിച്ചേർക്കുക. ഇതിനായി കൊച്ചിയിൽ തിങ്കളാഴ്ച മുതൽ നടക്കുന്ന സംസ്ഥാന കായികമേളക്ക് വിവിധ ജില്ലകളിൽനിന്നായി എത്തിച്ചേരുന്നത് 1562 ഭിന്നശേഷി കായികതാരങ്ങളാണ്.
20ലേറെ സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപെട്ടവരാണ് ഇവർ. മുമ്പൊന്നും ഇത്തരത്തിൽ പൊതു കായികമേളയിൽ പങ്കെടുക്കാൻ കഴിയാത്തവരായിരുന്നു എല്ലാവരും. എന്നാൽ, ഇനിമുതൽ ഇവരെക്കൂടി മറ്റുള്ളവർക്കൊപ്പം മത്സരങ്ങളിൽ പങ്കെടുപ്പിച്ച് കായികമേള കൂടുതൽ ഇൻക്ലൂസിവ് (ഉൾച്ചേർക്കുന്നത്) ആക്കി മാറ്റുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
അത്ലറ്റിക്സ്, ബാഡ്മിൻറൺ, ഹാൻഡ്ബാൾ, ഫുട്ബാൾ എന്നീ നാലിനങ്ങളിലാണ് ഭിന്നശേഷിക്കാർ മത്സരിക്കുക. ഫുട്ബാൾ ഉൾപ്പെടെ ഗ്രൂപ്പിനങ്ങളിൽ പൊതുവിഭാഗക്കാരെപ്പോലെ ഇവരുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും. അണ്ടർ 14, എബൗവ് 14 കാറ്റഗറികളിലായാണ് മത്സരം. കായികമേളയിൽ പങ്കെടുക്കാൻ ഓരോ ജില്ലയിൽനിന്നും 110ഓളം ഭിന്നശേഷിക്കാരാണ് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ഇവർക്കുള്ള മത്സരം നവംബർ അഞ്ചിന് വിവിധ വേദികളിലായി നടക്കും. പ്രധാനവേദിയായ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, ഫുട്ബാൾ എന്നിവയും തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഹാൻഡ്ബാളും കടവന്ത്ര റീജനൽ സ്പോർട്സ് സെൻററിൽ ബാഡ്മിൻറണുമാണ് നടക്കുക. കൂടാതെ, തിങ്കളാഴ്ചത്തെ ഉദ്ഘാടനത്തോടനുബന്ധിച്ച വർണാഭമായ മാർച്ച് പാസ്റ്റിലും ഭിന്നശേഷി താരങ്ങളെ മുൻനിരയിൽ അണിനിരത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂൾ തലത്തിലും ഉപജില്ലാതലത്തിലും ജില്ലാ തലത്തിലുമുള്ള മത്സരങ്ങളിൽ വിജയികളായവരെയാണ് സംസ്ഥാന കായികമേളയിൽ ഇൻക്ലൂസിവ് സ്പോർട്സിൽ പങ്കെടുപ്പിക്കുന്നത്. മത്സരം എന്നതിനുമപ്പുറം പങ്കാളിത്തം എന്നതാണ് ഇവരുടെ കാര്യത്തിൽ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.