ന്യൂഡൽഹി: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച പി.വി. അൻവറിനെ നേരിടാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതിന് പുറമെ സർക്കാറും അൻവറിനെ വിടില്ലെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. ഫോൺ ചോർത്തൽ സ്വാഭാവികമായും പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ടെന്നും അതെല്ലാം സ്വാഭാവികമായ പരിശോധനക്ക് വിധേയമാകുമെന്നും അദ്ദേഹം അൻവറിനെ ഓർമിപ്പിച്ചു. അൻവറിന് പിന്നിൽ പാർട്ടിയിൽനിന്ന് ആരുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന് പറയാൻ ധിറുതി കാണിക്കേണ്ട. അക്കാര്യത്തിലുള്ള അന്വേഷണത്തിനുശേഷം പറയാം. എന്തിനാണ് കണ്ടതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാതെ ഭാഗിക ഉത്തരം പറഞ്ഞാൽ ഭാഗിക സത്യമേ ആകൂ. അത് ഒരു പൂർണസത്യമാകട്ടെ. റിപ്പോർട്ട് വരട്ടെ.
എ.ഡി.ജി.പി അധികനാൾ ആ പദവിയിലുണ്ടാകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. സി.പി.ഐക്കും സി.പി.എമ്മിനും ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ്. സി.പി.ഐക്ക് അവരുടെ അഭിപ്രായമുണ്ടാകാം. സി.പി.എമ്മിന് സി.പി.എമ്മിന്റേയും. എ.ഡി.ജി.പിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്ക് ഒട്ടുമില്ല. ഗവൺമെന്റിനുമില്ല. തൃശൂർ പൂരം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. അതാണ് സി.പി.എമ്മിന്റെയും അഭിപ്രായം.
ആദ്യം അൻവർ നൽകിയ പരാതിയിൽ ശശിക്കെതിരെ ഒന്നുമില്ലായിരുന്നു. രണ്ടാമതും നൽകിയ പരാതിയിലാണ് അതുള്ളത്. പാർട്ടി അത് പരിശോധിച്ചുവരികയാണ്. ശശിയെ സംബന്ധിച്ച അൻവറിന്റെ പരാതിയിൽ ലൈംഗികാരോപണമില്ല. ഒരു ലൈംഗികാരോപണവും ഞങ്ങളുടെ മുമ്പിലില്ല. ശശിയെ സംബന്ധിച്ചുള്ളത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
പിണറായി വിജയൻ പാർട്ടിയല്ല. പാർട്ടിയുടെ ഉന്നതനായ നേതാവാണ്. പോളിറ്റ് ബ്യൂറോ അംഗമാണ്. ഇപ്പോൾ മുഖ്യമന്ത്രിയാണ്. സീനിയറായ പാർട്ടി നേതാവാണ്. അദ്ദേഹത്തിനെതിരെ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് രാഷ്ട്രീയമാണ്. അതിനാൽ രാഷ്ട്രീയ ഗൂഢാലോചനയെ രാഷ്ട്രീയമായി നേരിടുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ താൽപര്യത്തിന് വിരുദ്ധമായി ഒരു കാര്യവും പിണറായി വിജയന്റെ കാര്യത്തിലില്ല. പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറിയുടെയും മുഖത്തുനോക്കി എന്തും ചോദിക്കാൻ പ്രവർത്തകർക്ക് ധൈര്യമുണ്ട്. സ്വർണക്കടത്തിൽ കേസ് എടുക്കേണ്ടത് കേന്ദ്ര സർക്കാറാണ്. ഒരു കേസും പിണറായി വിജയനെതിരായിട്ടില്ല. പഴയ മുഖ്യമന്ത്രിമാർക്കെതിരെ കേസുള്ളത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്. പിണറായിക്കെതിരെ കേസില്ലാത്തതിനാൽ അറസ്റ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.