മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ താൻ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ ആദ്യം അവഗണിച്ച സർക്കാർ ഒടുവിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് ഇടത് എം.എൽ.എ പി.വി. അൻവർ. ക്രമസമാധാന ചുമതലയുള്ള പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യാതെ എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത് സ്വീകാര്യമല്ലെന്നാണ് അൻവർ ഇന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. കൂടാതെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പുതിയ ഗുരുതര ആേരാപണങ്ങളും ഇത്തവണ അദ്ദേഹം ഉന്നയിച്ചു.
എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനും എസ്.പിമാരായ സുജിത് ദാസിനും ശശിധരനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുെമതിരെ അൻവർ പരസ്യമായി രംഗത്തെത്തിയിട്ട് 20 ദിവസമായിട്ടും കാര്യമായ നടപടിയൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. സുജിത് ദാസിനെ സസ്പെൻഡ് ചെയ്തതും ശശിധരനെ സ്ഥലംമാറ്റിയതും മാത്രമാണ് അപവാദം. ഏറ്റവും ഒടുവിൽ, അജിത്തിനെ സസ്‍പെൻഡ് പോലും ചെയ്യാതെ ഇന്നലെ രാത്രി വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇന്നലെ രാത്രിയോടെ ഉത്തരവിടുകയായിരുന്നു. ഇതാണ് അൻവറിനെ ഏറെ പ്രകോപിപ്പിച്ചത്. കൂടാതെ, അനധികൃത സ്വത്ത് സമ്പാദനത്തിലും കൈക്കൂലി അടക്കം അഴിമതി ആരോപണങ്ങളിലും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡി.ജി.പിയുടെ ശിപാർശ മുഖ്യമന്ത്രിക്ക് നൽകാതെ പി. ശശി എട്ടുദിവസം പൂഴ്ത്തിവെച്ചുവെന്നും അൻവർ ചൂണ്ടിക്കാട്ടി.
തന്‍റെ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തോടൊപ്പം തന്നെ നിയമത്തെ വെല്ലുവിളിച്ച് നിയമപരമല്ലാത്ത സമാന്തര അന്വേഷണം എ.ഡി.ജി.പി നടത്തുനനേവെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തി. പൊലീസിന്‍റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് ആ ഒരു അന്വേഷണം നടക്കുന്നത്. എഡി.ജി.പിക്കെതിരെ തനിക്ക് തെളിവുകളും വിവരങ്ങളും എങ്ങനെ കിട്ടി, അതുമായി ബന്ധപ്പെട്ട പൊലീസുകാർ ആരൊക്കെ, വ്യക്തികൾ ആരൊക്കെ എന്നെല്ലാം ഭീഷണിപ്പെടുത്തിയും മറ്റും എ.ഡി.ജി.പി ചുമതലപ്പെടുത്തിയവർ അന്വേഷിക്കുന്നുണ്ടെന്ന് അൻവർ പറയുന്നു. ഈ ചട്ടലംഘനങ്ങൾ മാത്രം മതി അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചർച്ചകൾ പൊതുസമൂഹത്തിൽ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അൻവർ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാർട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി കൂട്ടുനിന്നു. സർക്കാറിനെയും പാർട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുൾമുനയിൽ നിർത്തിയതിന് പൊളിറ്റിക്കൽ സെക്രട്ടറി മറുപടി പറയേണ്ടേ? പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഇതിൽ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാൻ സംശയിക്കുന്നതിന്‍റെ കാരണങ്ങളിലൊന്നാണിത് -അൻവർ പറഞ്ഞു.
. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫിസ് വളപ്പിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയതിലെ ക്രമക്കേട്
. ഓൺലൈൻ ചാനലുടമ ഷാജൻ സ്കറിയക്കെതിരായ കേസിൽ അജിത്കുമാറിന്റെ പേരിൽ ഉയർന്ന കൈക്കൂലി ആരോപണം
. സ്വർണ്ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് അജിത്കുമാർ, സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് അംഗങ്ങൾ എന്നിവരുടെ പേരിൽ ഉയർന്ന ആരോപണം
. കോടികൾ ചെലവഴിച്ച് തിരുവനന്തപുരത്ത് കൊട്ടാര സദൃശ്യമായ വീട് പണിയുന്നു എന്ന അജി ത്കുമാറിന്റെ പേരിൽ ഉയർന്ന ആരോപണം
അജിത്കുമാർ, സുജിത് ദാസ്, ഡാൻസാഫ് അംഗങ്ങൾ എന്നിവരുടെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം
ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, ഓണ്‍ലൈന്‍ ചാനലുടമയില്‍നിന്ന് ഒന്നരക്കോടി കൈക്കൂലി, ബന്ധുക്കളെ ഉപയോഗിച്ച് സ്വര്‍ണ ഇടപാടുകള്‍, സ്വര്‍ണം പൊട്ടിക്കലിലൂടെ പണമുണ്ടാക്കല്‍ ഉള്‍പ്പെടെ ആരോപണങ്ങളും പി.വി. അൻവർ ഉന്നയിച്ചിരുന്നു. അജിത്കുമാര്‍ ആഡംബര വസതി പണിയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സിന് എറണാകുളം സ്വദേശിയും നേരത്തേ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇ-മെയിലായി അയച്ച പരാതി അന്വേഷണാനുമതിക്കായി സര്‍ക്കാറിന് കൈമാറിയിരുന്നു. പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് ഇക്കാര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാറിനെ അറിയിച്ചു. ഇവയെല്ലാം പരിഗണിച്ചാണ് സർക്കാറിന്‍റെ അന്വേഷണാനുമതി.
ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച വിവാദത്തിൽ ഇടതുമുന്നണിയിലെ അമർഷം പുറത്തേക്ക്. സി.പി.ഐയുടെ മുതിർന്ന നേതാവ് പ്രകാശ്ബാബു പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ എ.ഡി.ജി.പി അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും ആവർത്തിച്ചു. എന്നാൽ, ആവശ്യം തള്ളിയ മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ എ.ഡി.ജി.പിക്കെതിരായ നടപടിയിൽ തീരുമാനം അന്വേഷണത്തിന് ശേഷമെന്ന മുന്നണി തീരുമാനം എല്ലാവർക്കും ബാധകമെന്ന് വ്യക്തമാക്കി. പഴുത് ഉപയോഗിച്ച് സർക്കാറിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രകാശ് ബാബുവിന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്‍റെ മറുപടി.
അതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രകാശ് ബാബു എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിലനിർത്തി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്തവിമർശനമാണ് മുന്നോട്ടുവെക്കുന്നത്. എ.ഡി.ജി.പിയെ നീക്കണമെന്ന പ്രകാശ് ബാബുവിന്‍റെ ആവശ്യത്തെ പിന്തുണച്ച് ജെ.ഡി.യു നേതാവ് വർഗീസ് ജോർജും രംഗത്തുവന്നു.
പരസ്യപ്രതികരണം നടത്തിയില്ലെങ്കിലും എ.ഡി.ജി.പിക്ക് സംരക്ഷണം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിൽ ഐ.എൻ.എൽ അടക്കമുള്ള കക്ഷികളും അതൃപ്തരാണ്. ഒക്ടോബർ നാലിന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ, എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയെചൊല്ലി ഇടതുമുന്നണി കലുഷിതമാവുകയാണ്.
എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സി.പി.ഐയും ജെ.ഡി.യുവും ആവശ്യപ്പെട്ടതാണ്. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ തീരുമാനമെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തിൽ ഉറപ്പുനൽകി. എന്നാൽ, ആഴ്ച പിന്നിടുമ്പോഴും എം.ആർ. അജിത്കുമാറിനുള്ള സംരക്ഷണം മുഖ്യമന്ത്രി തുടരുകയാണ്. മുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതു പ്രകാരം, ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണത്തിൽ എന്തെങ്കിലും നടക്കുന്നതായി സൂചനകളുമില്ല. ഈ സാഹചര്യത്തിലാണ് സി.പി.ഐ നേതാവ് പ്രകാശ് ബാബു പാർട്ടി പത്രത്തിലൂടെ കടുത്ത അമർഷം പരസ്യമാക്കിയത്. ഫാഷിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നാണ് പ്രകാശ് ബാബു എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.