മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ എം.എൽ.എ. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അൻവർ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
സർക്കാറിനെയും പാർട്ടിയെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പൊളിറ്റിക്കൽ സെക്രട്ടറി ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അൻവർ പറയുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രയത്നിക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ രാഷ്ട്രീയ താല്പര്യത്തോടൊപ്പം നിൽക്കുന്ന സംസ്ഥാന പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകളോടൊപ്പം ചേർന്ന് പ്രയാസത്തിലാക്കുകയും സാധാരണക്കാരായ പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെ പാർട്ടിയിൽ നിന്നും കൂടുതൽ അകറ്റാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത് -പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയെ നേരിൽ കാണാൻ വേണ്ടി വരുന്ന എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, പാർട്ടിയുടെ ലോക്കൽ സെക്രട്ടറി പദവിയിൽ മുകളിലേക്കുള്ള നേതാക്കന്മാർ, പൊളിറ്റിക്കൽ സെക്രട്ടറിയെ വന്ന് കണ്ടാൽ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിന് പകരം 'കാര്യങ്ങൾ ഞാൻ പറഞ്ഞോളാം' എന്ന് പറഞ്ഞ് ഇവരെ മടക്കി വിടുകയാണ് പതിവ്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഈ മറയിടൽ പ്രാദേശികമായി നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളും വികസന കാര്യങ്ങളും മുഖ്യമന്ത്രിയിൽ എത്താതിരിക്കാനുള്ള ദുരുദ്ദേശം തന്നെയാണ്. താഴെക്കിടയിലുള്ള ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രി അറിയരുത് എന്ന പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിഗൂഢമായ അജണ്ട പാർട്ടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
ഷാജൻ സ്കറിയ കേസ്, സോളാർ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുൽ ഗാന്ധി വിവാദം, പാർക്കിലെ മോഷണക്കേസ് തുടങ്ങിയവയിൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടൽ എങ്ങനെയായിരുന്നുവെന്ന് അൻവർ പരാതിയിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികളുമായി എത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്‍റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കാളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും തനിക്കറിയാമെന്ന് അൻവർ പറയുന്നു. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ് എന്ന് പറഞ്ഞാണ് അൻവർ പരാതി അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.