'വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു ഞങ്ങളുടേത്, എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു'

പത്തനംതിട്ട: 1968ൽ വിമാനാപകടത്തിൽ കാണാതായ ഇലന്തൂർ സ്വദേശിയായ സൈനികൻ തോമസ് ചെറിയാന്‍റെ ഭൗതികശരീരം 56 വർഷത്തിനുശേഷം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു തങ്ങളുടേതെന്നും തോമസ് ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയതിൽ സങ്കടവും സന്തോഷവുമുണ്ടെന്നും സഹോദരങ്ങൾ പറഞ്ഞു.

'തെരച്ചിൽ തുടരുകയാണെന്ന് ഇടക്കിടെ സൈന്യത്തിൽ നിന്ന് അറിയിപ്പ് കിട്ടിയിരുന്നു. വിവരം അറിഞ്ഞപ്പോൾ അതിയായ സങ്കടവും സന്തോഷവും തോന്നി. എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം മൃതദേഹം നാട്ടിലെത്തിക്കും', - തോമസിന്റെ സഹോദരി മേരി പറഞ്ഞു. നാലു സഹോദരങ്ങളാണ് തോമസ് ചെറിയാന്. സഹോദരൻ തോമസ് തോമസ് ഇലന്തൂരിൽ വിശ്രമജീവിതം നയിക്കുന്നു. മറ്റൊരു സഹോദരൻ തോമസ് വർഗീസിന് കൃഷിയാണ്. പരേതനായ മൂത്ത സഹോദരൻ തോമസ് മാത്യുവും സൈനികനായിരുന്നു. മേരിയാണ് ഏക സഹോദരി.

102 സൈനികരുമായി ചണ്ഡീഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎന്‍ 12 എയര്‍ക്രാഫ്റ്റാണ് 1968 ഫെബ്രുവരി ഏഴിന് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ റോഹ്താങ് പാസില്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അതുവരെ കണ്ടെടുത്തിട്ടുള്ളൂ. 2019ലും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അന്ന് വിമാനം കാണാതായെന്നാണ് ആദ്യം അറിയിപ്പ് വന്നതെന്ന് സഹോദരൻ തോമസ് വർഗീസിന് ഓർത്തെടുക്കുന്നു. 2003ലാണ് വിമാനാപകടമാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്. കാണാതാകുമ്പോൾ 22വയസ് മാത്രമായിരുന്നു തോമസിന് പ്രായം. പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിയും കോളജിൽനിന്ന് പ്രീ-യൂനിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈന്യത്തിൽ ചേരുകയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇന്ന് 78 വയസ്സ് ഉണ്ടാകുമായിരുന്നു. അച്ഛൻ മരിച്ചിട്ട് 35ഉം അമ്മ മരിച്ചിട്ട് 28ഉം കൊല്ലമായി. അമ്മ തോമസ് ചെറിയാനെ ഓർത്ത് എപ്പോഴും കരച്ചിലായിരുന്നു -അദ്ദേഹം പറഞ്ഞു.

തോമസിന്‍റെ ഭൗതികശരീരം കണ്ടെത്തിയെന്ന സൈനിക ഉദ്യോഗസ്ഥരുടെ അറിയിപ്പ് പൊലീസാണ് ഇലന്തൂരിലെ വീട്ടിലെത്തി അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തുനിന്നും സന്ദേശം എത്തി. തോമസ് ചെറിയാന്റെ ശരീരത്തിൽനിന്നാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരം ലഭിച്ചത്. ഭൗതികശരീരം ഇലന്തൂരിൽ എത്തിച്ച് സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 

Tags:    
News Summary - The family is saddened and happy to find the soldier's body after 56 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.