’മലപ്പുറം ഡാൻസാഫിൽ പലർക്കും കൊട്ടാര സമാനമായ വീടും വാഹനവും; ഇവരുടെയും കുടുംബക്കാരുടെയും സ്വത്തുവിവരം അന്വേഷിക്കണം’ -മുഖ്യമന്ത്രിയോട് പി.വി. അൻവർ

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി. സുജിത്ദാസിനും പുറമേ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് അംഗങ്ങൾക്കും അനധികൃത സ്വത്തുക്കൾ ധാരാളമുണ്ടെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. ഇവരിൽ പലർക്കും കൊട്ടാര സമാനമായ വീടുകളും വാഹനങ്ങളും ഉണ്ടെന്നും റിയൽ എസ്റ്റേറ്റ് ഉടമകളുമാണെന്നും അറിയാൻ കഴിഞ്ഞതായി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. സ്വർണക്കടത്ത്, മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിലൂടെയും നിരവധി പേരെ കള്ളക്കേസ്സുകളിൽ ഉൾപ്പെടുത്തിയും ഡാൻസാഫ് അംഗങ്ങളും കുടുംബാംഗങ്ങളും നേടിയ സ്വത്തുവിവരങ്ങളുംഅന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അൻവർ ആവശ്യപ്പെട്ടു.

എ.ഡി.ജി.പി അജിത് കുമാർ, സുജിത്ത്ദാസ്, മലപ്പുറം ജില്ലയിലെ ഡാൻസാഫ് എന്നവരുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാ നത്താവളവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സ്വർണ്ണക്കള്ളക്കടത്ത് ഗൗരവകരമായി അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തണം. ഇതിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അവരുടെ സ്വത്തുകൾ കണ്ടുകെട്ടുകയും അവ സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം. എ.ഡി.ജി.പി അജിത് കുമാർ കോടിക്കണക്കിന് രൂപ ചെലവ ഴിച്ച് വാങ്ങിയ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിനടുത്തെ സ്ഥലവും വീടും അദ്ദേഹത്തിൻറെ ഭാര്യയുടേയും ബന്ധുക്കളുടേയും പേരിൽ ഇന്ത്യക്കകത്തും പുറത്തും അയാൾ വാങ്ങിക്കൂട്ടിയ സ്വത്തുവഹകളും കണ്ടെത്തി സർക്കാരിലേക്ക് നിക്ഷിപ്തമാക്കണം.

പേര് വെളിപ്പെടുത്താതെ ഫോൺ സന്ദേശത്തിൽ പറയുന്ന എ.ഡി.ജി.പിയുടെ സന്തത സഹചാരി മുജീബിനെ കുറിച്ചും എ.ഡി.ജി.പിയുടെ ഭാര്യയുടേയും അവരുടെ സഹോദരന്മാരുടേയും സുഹൃത്തുകളുടേയും പരസ്യമായും രഹസ്യമായും അവർ ഉപയോഗിക്കുന്ന ഫോണുകളും ഫോൺകോളുകളും ഇ-മെയിൽ സന്ദേശങ്ങളും വിശദമായി അന്വേഷണ പരിധിയിൽ ഉൾ പ്പെടുത്തണം.

സുജിത് ദാസ് കള്ളക്കടത്ത് വഴി സമ്പാദിച്ച പണമെല്ലാം എവിടെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തണം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. അന്വേഷണ പരിധിയിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതുകൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം. താനൂർ കസ്‌റ്റഡി മരണക്കേസ്സിൽ സുജിത് ദാസിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിശദമായി അന്വേഷിക്കണം -അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

Tags:    
News Summary - PV Anvar demands investigation into dansaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.