1. പി.വി. അൻവർ എം.എൽ.എയുടെ ഫേസ്ബുക് പേജിലെ പുതിയ കവർചിത്രം. 2. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം. ഇതായിരുന്നു നേരത്തെ കവർ ഫോട്ടോ

​ഫേസ്ബുക്കിൽ പിണറായിയെ ‘വെട്ടി’ പി.വി അൻവർ; പ്രവർത്തകർ​ക്കൊപ്പമുള്ള ഫോട്ടോ കവർചിത്രം

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി. അൻവർ എം.എൽ.എ. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കൊപ്പം വയോധികയോട് കുശലാന്വേഷണം നടത്തുന്ന ചിത്രമാണ് പുതുതായി നൽകിയത്. പാർട്ടിയും മുഖ്യമന്ത്രിയും അൻവറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഇന്നലെ രാത്രി 11.29ന് ചിത്രം മാറ്റിയത്. പാർട്ടിക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമാണെന്ന് സൂചന നൽകുന്നതാണ് പുതിയ ഫോട്ടോ.

തന്റെ പോരാട്ടത്തെക്കുറിച്ച് വിശദീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർക്കും പൊതുസമൂഹത്തിനും തുറന്ന കത്തെഴുതി മൂന്നുമണിക്കൂർ പിന്നിട്ടപ്പോഴാണ് കവർ ​ഫോട്ടോയിൽനിന്ന് പിണറായിയെ പുറത്താക്കിയത്. ആരും നടക്കാത്ത വഴികളിലൂടെ നടന്ന് പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ വിഷയത്തിൽ താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായും അൻവർ പറഞ്ഞു.

‘ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്‌. എന്നാൽ, ഇത്‌ സാധാരണക്കാരായ പാർട്ടി അണികളുടെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത്‌ നടത്തേണ്ടി വന്ന പ്രവർത്തനമാണ്. പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്‌. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല. വിഷയങ്ങൾ സംബന്ധിച്ച്‌ സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്. എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ അന്നും,ഇന്നും വിയോജിപ്പുണ്ട്‌. അത്‌ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഈ നാട്ടിലെ സഖാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്‌. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്‌. അത്‌ എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്‌ എന്ന ബോധ്യമെനിക്കുണ്ട്‌. മറ്റ്‌ വഴികൾ എനിക്ക്‌ മുൻപിൽ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

വിവാദ പോലീസ്‌ ഉദ്യോഗസ്ഥന്റെ ആർ.എസ്‌.എസ്‌ സന്ദർശനത്തിൽ തുടങ്ങി, തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത്‌ വരെയും സ്വർണ്ണക്കള്ളക്കടത്ത്‌ അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്‌. ഇക്കാര്യത്തിൽ ചാപ്പയടിക്കും, മുൻ വിധികൾക്കും (എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക്‌ മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് സി.പി.എം. ഈ പാർട്ടിയോട്‌ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്‌. നൽകിയ പരാതി പാർട്ടി വേണ്ട രീതിയിൽ പരിഗണിക്കുമെന്നും ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും എനിക്ക്‌ ഉറപ്പുണ്ട്‌. ഇക്കാര്യങ്ങൾ എല്ലാം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്‌’ -അൻവർ വ്യക്തമാക്കി. ‘നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്‌. പാർട്ടിയാണ് എല്ലാത്തിനും മുകളിൽ. സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ. സഖാക്കളേ നാം മുന്നോട്ട്‌..’ എന്ന കുറിപ്പോ​ടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Tags:    
News Summary - PV Anvar Facebook photo pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.