മലപ്പുറം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പരാമർശിച്ച് പരിഹാസ പോസ്റ്റുമായി പി.വി. അൻവർ എം.എൽ.എ. ഐ.ജിയായിരിക്കെ തിരുവനന്തപുരത്ത് 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് വെറും 10 ദിവസം കൊണ്ട് ഇരട്ടി വിലക്ക് അജിത് കുമാർ മറിച്ചുവിറ്റെന്ന് അൻവർ പറഞ്ഞു. 'ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാർ സാറിന് കൊടുക്കണം. ശ്രീ അജിത്ത് കുമാർ സാർ സിന്ദാബാദ്...' -അൻവർ പറഞ്ഞു.
'33 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി, വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത് മറിച്ച് വിൽക്കുക.!! ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്റ് സ്ട്രാറ്റജി സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും' -പോസ്റ്റിൽ പറയുന്നു. ഇത് സംബന്ധിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് നൽകിയ പരാതിയുടെ പകർപ്പും അൻവർ പങ്കുവെച്ചു.
അജിത്ത് കുമാർ ഫ്ലാറ്റ് വാങ്ങിയ 33,80,100 രൂപയുടെ സോഴ്സ് എന്താണ്? വിറ്റു കിട്ടിയ 65 ലക്ഷം രൂപ ഇദ്ദേഹം എവിടെ നിക്ഷേപിച്ചു? ഈ തുക അദ്ദേഹത്തിന് ലഭ്യമായത് എങ്ങിനെയാണ്? അദ്ദേഹത്തിന്റെ പേരിൽ ചെക്ക് ആയിട്ട് ലഭ്യമാക്കിയതാണോ? 65 ലക്ഷം രൂപയുടെ ചെക്ക് തുക എങ്ങനെയാണ് മാറ്റിയെടുത്തത് ? മറ്റാരുടെയെങ്കിലും പേരിലാണോ ചെക്ക് കൈമാറിയത് ? ഈ കച്ചവടത്തിലെ ഇടനിലക്കാർ ആരെല്ലാമായിരുന്നു എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട് -അൻവർ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.