എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്റെ ഉത്തരവാദിത്തം അവസാനിച്ചു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ആളല്ല ഞാൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ മാറ്റുമോയെന്നൊന്നും എനിക്കറിയില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും നൽകും -പി.വി. അൻവർ എം.എൽ.എ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ വാളോങ്ങി സർക്കാറിനെ മുൾമുനയിൽ നിർത്തിയ പി.വി. അൻവർ എം.എൽ.എ പത്തിമടക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവർക്കെതിരായ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടാലും പിന്നോട്ടില്ലെന്ന് നിലമ്പൂരിൽ പ്രഖ്യാപിച്ച പി.വി. അൻവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെ ‘പോരാട്ട’ത്തിൽനിന്ന് പിൻവാങ്ങി. സർക്കാറിനെ വെട്ടിലാക്കിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പി.വി. അൻവറിനോട് പരസ്യപ്രതികരണം വിലക്കിയതായാണ് വിവരം.
എം.ആർ. അജിത്കുമാർ കൊടുംക്രിമിനലും ആളെ കൊല്ലിക്കുന്നയാളുമാണെന്ന് തുറന്നടിച്ച ഭരണകക്ഷി എം.എൽ.എയായ പി.വി. അൻവർ അതിലെല്ലാം പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും ചേർത്തുകെട്ടിയത് കേരള രാഷ്ട്രീയം ഞെട്ടലോടെയാണ് കേട്ടത്. അതുകൊണ്ടുതന്നെ പിണറായി വിജയൻ - പി.വി. അൻവർ കൂടിക്കാഴ്ചയിലേക്കായി എല്ലാവരുടെയും ശ്രദ്ധ. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചക്ക് മുമ്പ് മുഖ്യമന്ത്രി പൊലീസ് മേധാവി ഉൾപ്പെടെ പ്രമുഖരുമായി ചർച്ച നടത്തി. ഉച്ചക്ക് 12.15ന് എത്തിയ അൻവർ മുഖ്യമന്ത്രിയുമായി സംസാരിച്ചത് അര മണിക്കൂർ മാത്രം.
സെക്രട്ടേറിയറ്റിലേക്ക് കൊമ്പുകുലുക്കി വന്ന പി.വി. അൻവർ ശാന്തനായി എം.എൽ.എ ഹോസ്റ്റലിലേക്ക് മടങ്ങി. എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്റെ ഉത്തരവാദിത്തം അവസാനിച്ചു. ഇനി മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെ - കൂടിക്കാഴ്ചക്ക് ശേഷം പി.വി. അൻവർ പറഞ്ഞു. എം.ആർ. അജിത് കുമാറിനും പി. ശശിക്കുമെതിരെ പറഞ്ഞതിനെക്കുറിച്ച് ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി പറഞ്ഞില്ല. അജിത് കുമാറിനും ശശിക്കുമെതിരായ തന്റെ ആരോപണങ്ങൾ പി.വി. അൻവർ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്ന് പ്രതികരിച്ചതിനപ്പുറം ഉറപ്പൊന്നും നൽകിയിട്ടില്ല. പകർപ്പ് പാർട്ടി സെക്രട്ടറിക്കും നൽകുന്നതിന്റെ പശ്ചാത്തലം അതാണ്. പി.വി. അൻവർ തൽക്കാലം വായടച്ചത് സർക്കാറിന് അസാധാരണ പ്രതിസന്ധിക്കിടെ വലിയ ആശ്വാസമാണ്. അതേസമയം, ഇനി പാർട്ടിയും സർക്കാറും തീരുമാനിക്കട്ടെയെന്ന് പറഞ്ഞ അൻവർ പന്ത് വീണ്ടും മുഖ്യമന്ത്രിയുടെ കോർട്ടിലേക്ക് തട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.