സി.പി.ഐ സീറ്റ് കച്ചവടക്കാരെന്ന് അൻവർ; '25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് ലീഗിന് വിറ്റു'

ആലപ്പുഴ: സി.പി.ഐക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ വിമർശനവുമായി പി.വി. അൻവർ എം.എൽ.എ. സി.പി.ഐ സീറ്റ് കച്ചവടക്കാരുടെ പാർട്ടിയാണെന്ന് വിമർശിച്ച അൻവർ, ബിനോയ്‌ വിശ്വം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ പൊതുസമൂഹത്തിൽ മോശമായ പരാമർശങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

2011ൽ 25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് അൻവർ പറഞ്ഞു. ആ തെരഞ്ഞെടുപ്പിൽ ഏറനാട് സീറ്റ് സി.പി.ഐക്കായിരുന്നു. സി.പി.ഐക്ക് ഒരു പിന്തുണയുമില്ലാത്ത മണ്ഡലമായിരുന്നു ഏറനാട്. അവിടെ എന്നെ സ്ഥാനാർഥിയാക്കാൻ മുന്നണി തീരുമാനിച്ചു. പിന്നീട് സി.പി.ഐ ചതിച്ചു. വെളിയം ഭാര്‍ഗവനായിരുന്നു സംസ്ഥാന സെക്രട്ടറി. അവിടെ പിന്നീട് എ.ഐ.വൈ.എഫിന്‍റെ ഒരു നേതാവാണ് സ്ഥാനാർഥിയായത്. തെരഞ്ഞെടുപ്പിൽ ഞാൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സി.പി.ഐ ചിഹ്നത്തിൽ മത്സരിച്ചയാൾക്ക് കിട്ടിയത് വെറും 2500 വോട്ടാണ്. ചരിത്രത്തിലാദ്യമായി കെട്ടിവെച്ച കാശ് പോയി.

ജില്ലയിലെ മുസ്‍ലിം ലീഗ് നേതൃത്വം വെളിയം ഭാര്‍ഗവനെ സ്വാധീനിക്കുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഞാൻ ഇടതു സ്ഥാനാർഥിയായാൽ ലീഗിന്‍റെ സ്ഥാനാർഥി അവിടെ പരാജയപ്പെടും. ഒരു നിലക്കും എന്നെ പിന്തുണക്കരുതെന്ന് ലീഗ് നേതൃത്വം സി.പി.ഐയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി ഫണ്ടായി ലീഗ് 25 ലക്ഷം സി.പി.ഐക്ക് നല്‍കി -അൻവർ പറഞ്ഞു. ഈ ആരോപണത്തിന് അന്ന് സി.പി.ഐ തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. താൻ തെളിയിക്കാമെന്ന് മറുപടി കൊടുത്തതോടെ സി.പി.ഐ പിന്നീട് ഒന്നും മിണ്ടിയില്ല. തന്നെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ അന്ന് ആര്യാടൻ അവിടെ തോൽക്കുമെന്നും താൻ ജയിക്കുമായിരുന്നെന്നും അന്‍വർ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ സീറ്റ് വിറ്റുവെന്നും അൻവർ ആരോപിച്ചു. 

Tags:    
News Summary - PV Anvar press meet alappuzha criticism on CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.