ചേലക്കര: ഡി.എം.കെയിൽ ചേരുന്ന കാര്യം പരിഗണിക്കുമെന്ന ഇടത് സഹയാത്രികനും കൊടുവള്ളി മുൻ എം.എൽ.എയുമായ കാരാട്ട് റസാഖ് പ്രസ്താവനയോട് പ്രതികരിച്ച് പി.വി അൻവർ എം.എൽ.എ. കാരാട്ട് റസാഖിന് വരേണ്ടിവരുമെന്നും അങ്ങനെ പലരും വരുമെന്നും അൻവർ പറഞ്ഞു.
ഇന്നലെ റസാഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാര്യങ്ങൾ സംസാരിക്കുക മാത്രമാണ് ചെയ്തത്. ഒരാഴ്ചക്കുള്ളിൽ തീരുമാനം പറയാമെന്നാണ് റസാഖ് പറഞ്ഞത്. നിലവിലെ എം.എൽ.എമാരും മുൻ എം.എൽ.എമാരും ഡി.എം.കെയുമായി സഹകരിക്കാൻ ഒരുക്കമാണ്. അഞ്ചോളം എം.എൽ.എമാർ സംസാരിച്ചു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിയാൻ അവർ കാത്തിരിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
എൽ.ഡിഎഫുമായുള്ള പ്രശ്നങ്ങൾ എന്താണെന്ന് റസാഖിനോട് ചോദിച്ചിട്ടില്ല. പരിഹരിക്കപ്പെടാൻ സാധ്യത കുറവാണ്. ഇന്നലത്തെ കൂടിക്കാഴ്ചയോടെ ഡി.എം.കെയും റസാഖും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത വർധിച്ചിട്ടുണ്ടെന്നും പി.വി അൻവർ വ്യക്തമാക്കി.
ഇടതുപക്ഷ സഹയാത്രികനായത് കൊണ്ട് പി.വി അൻവറിന്‍റെ സംഘടനയെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നാണ് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ കാരാട്ട് റസാഖ് വ്യക്തമാക്കിയത്. അൻവർ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്‍റെ ഡി.എം.കെയിൽ ചേരുന്ന കാര്യം പരിഗണിക്കും. തന്നെ ഡി.എം.കെയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കാത്തിരിക്കാനാണ് താൻ ആവശ്യപ്പെട്ടത്.
ഡി.എം.കെ കുറിച്ചും പഠിക്കേണ്ടതുണ്ട്. മുമ്പ് സി.പി.എമ്മിനെ കുറിച്ച് പഠിച്ച ശേഷമാണ് ഇടത് സഹയാത്രികനാകാൻ തീരുമാനിച്ചത്. ലീഗിലേക്ക് ഇനി തിരിച്ചുപോക്കില്ല. സംസ്ഥാനത്ത് നിരവധി പാർട്ടികളുണ്ട്. ആവശ്യമെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും റസാഖ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.