കക്കാട് പുഴാതി ഹൗ​സിങ് കോ​ള​നി​യി​ലെ മ​ര​ത്തി​ൽ കുടുങ്ങിയ പെരുമ്പാമ്പിനെ താഴെയിറക്കിയ ശേഷം തുണിസഞ്ചിയിലേക്ക് മാറ്റുന്നു -പി. സന്ദീപ്

ഇരതേടി മരംകയറിയ പെരുമ്പാമ്പ് മൂന്ന് ദിവസം നാട്ടുകാരുടെ ഉറക്കംകെടുത്തി; ഒടുവിൽ ജീവൻ പണയംവെച്ച് താഴെയിറക്കി

ക​ണ്ണൂ​ർ: ഇരതേടി വൻമരം കയറി കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. ക​ക്കാ​ട് പാ​ല​ക്കാ​ട് സ്വാ​മി​ മ​ഠ​ത്തി​ന​ടു​ത്ത് പുഴാതി ഹൗ​സിങ് കോ​ള​നി​യി​ലെ മ​ര​ത്തി​ൽ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് താഴെയിറക്കിയത്. മൂന്നുദിവസം കക്കാട്ടുകാരുടെ ഉറക്കം കെടുത്തിയാണ് പാമ്പ് മരത്തിൽ കഴിഞ്ഞത്. ശ്രമകരമായ ദൗത്യത്തിലൂടെ മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകർ ബുധനാഴ്ച ഉച്ചയോടെ താഴെയിറക്കി.

ഇരയെ പിന്തുടർന്നാണ് ഉയരം നോക്കാതെ പെരുമ്പാമ്പ് മരം കയറിയത്. സാധാരണയെന്നപോലെ സ്വയം താഴെയിറങ്ങുമെന്നാണ് കരുതിയത്. വള്ളിക്കെട്ടുകൾ നിറഞ്ഞ് 30 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള മരത്തിൽ നീങ്ങാനാവാത്ത നിലയിലായി. തലക്കുമീതെ പാമ്പായതോടെ ഇതുവഴി പോകുന്നവരുടെ നെഞ്ചിടിപ്പേറി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ​സമീപവാസികൾ പെ​രു​മ്പാമ്പി​നെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​നെ സ​മീ​പി​ച്ച​ത്. വ​നംവ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രിത​ന്നെ മാ​ർ​ക്ക് അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇരുട്ടും മ​ഴ​യുമായ​തി​നാ​ൽ രക്ഷാപ്രവർത്തനം നടത്താനായില്ല.

രാവിലെ 10 മുതലാണ് മിഷൻ പെരുമ്പാമ്പ് തുടങ്ങിയത്. വള്ളിപ്പടർപ്പുള്ള മരത്തിൽ കയറുക പ്രയാസമായിരുന്നു. പാമ്പിനെ പിടിച്ചതോടെ വള്ളിപ്പടർപ്പിൽ ചുറ്റിപ്പടരാൻ തുടങ്ങി. ഇത് രക്ഷാപ്രവർത്തനം ദുഷ്‍കരമാക്കി. നിറയെ ഉറുമ്പുകളും മരത്തിലുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ട് വള്ളി മുറിച്ചുമാറ്റി. വൻമരമായതിനാൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തകർ പാമ്പിനെ താഴെയിറക്കിയത്.

മാർക് പ്രവർത്തകരായ വിജിലേഷ് കോടിയേരി, ഷാജി ബക്കളം, സന്ദീപ് ചക്കരക്കൽ, ജിഷ്ണു, രജിത്ത് നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഏണിയും കയറുകളും അടക്കമുള്ള ഉപകരണങ്ങളുമായി കണ്ണൂർ അഗ്നിരക്ഷ സേനാംഗങ്ങളും സഹായത്തിനെത്തി. ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ ഏ​ൽ​പി​ച്ച പാമ്പിനെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പി​ന്നീ​ട് അ​തി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ തു​റ​ന്നുവി​ട്ടു.



Tags:    
News Summary - Python trapped on the tree for three days; Finally brought down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.