കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനിൽ രണ്ട് എസ്.ഐമാർ പരസ്യമായി ഏറ്റുമുട്ടി. ഏറ്റമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു. ആവലാതിക്കാരും മറ്റും നോക്കി നിൽക്കെയായിരുന്നു എസ്.ഐമാരുടെ സംഘട്ടനം.
വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്. ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. ഈയിടെ ഇവിടേക്ക് സ്ഥലം മാറി വന്ന വനിതാ എസ്.ഐ.ഡെയ്സിയും ഫാത്തിമയും തമ്മിലായിരുന്നു തർക്കവും സംഘട്ടനവും.
വനിതാ സ്റ്റേഷനിൽ എസ്.ഐയുടെയും എസ്.എച്ച്.ഒയുടെയും ചുമതല വഹിച്ചിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടതായിരുന്നു ഡെയ്സി. പുനർ നിയമനമായാണ് ഡെയ്സി കൊട്ടാരക്കരയിൽ വീണ്ടും എത്തിയത്.
ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവർ തമ്മിൽ നിലനിൽക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവർ രഹസ്യം പറയുന്നുണ്ട്. വനിതാ ഇൻസ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
ജില്ലാ പോലീസ് മേധാവിയുടെ മൂക്കിനു താഴെയാണ് വനിതാ എസ്.ഐമാർ ഏറ്റുമുട്ടിയത്. പൊലീസ് സേനക്കും സമൂഹത്തിനും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കങ്ങൾ തുടങ്ങിയിരുന്നുവത്രെ. ഉച്ചയ്ക്ക് ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തുവെന്ന് പറയുന്നു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലെത്തിയത്. പിടിവലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈക്ക് പൊട്ടലുണ്ട്. വനിതാ പൊലീസ് സ്‌റ്റേഷനിൽ ആവലാതിയുമായി എത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു നിയമപാലകരുടെ കയ്യാങ്കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.