ക്വാറികളുടെ ദൂരപരിധി കുറച്ച നടപടി പരിഹാസ്യം -വി.എം സുധീരൻ

കോഴിക്കോട്: ക്വാറി നിയമം പരിഷ്കരിച്ച ഇടതുസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച നടപടി പരിഹാസ്യമെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വൻതുക ചെലവഴിച്ച് പരസ്യങ്ങൾ നൽകുകയും പരിപാടികൾ നടത്തുകയും ചെയ്യുന്ന സർക്കാർ മറ്റു ദിവസങ്ങളിൽ പരിസ്ഥിതി നാശത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് വിചിത്രമാണെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
ക്വാറി നിയമം പരിഷ്കരിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാറിന്‍റെ നടപടി വീണ്ടു വിചാരമില്ലാത്തതാണ്. പുതിയ നടപടിക്രമമനുസരിച്ച് റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയവയിൽ നിന്നും ദൂരപരിധി 50 മീറ്ററായി കുറച്ചിരിക്കുന്നു. നിലവിലുണ്ടായിരുന്നത് 100 മീറ്റർ ദൂരപരിധിയാണ്. അനുമതിയുടെ കാലാവധി മൂന്ന് വർഷമായിരുന്നത് 5 വർഷമായി ഉയർത്തുകയും ചെയ്തിരിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ട്.

പാരിസ്ഥിതിക ദുരന്തത്തിന്‍റെ നടുവിൽ നിൽക്കുന്ന കേരളത്തെ കൂടുതൽ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണിത്. യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ തന്നെ അനധികൃത ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ തീരുമാനം.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെ പല വിദഗ്ധ സമിതികളും ഉയർത്തുന്ന ആശങ്കകളും മുന്നറിയിപ്പുകളും പാടെ അവഗണിച്ചു കൊണ്ടാണ് സർക്കാറിന്‍റെ ഈ നടപടി. പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതിദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വൻതുക ചെലവഴിച്ച് പരസ്യങ്ങൾ നൽകുകയും പരിപാടികൾ നടത്തുകയും ചെയ്യുന്ന സർക്കാർ മറ്റു ദിവസങ്ങളിൽ പരിസ്ഥിതി നാശത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു കൊണ്ടിരിക്കുന്നത് വിചിത്രമാണ്; പരിഹാസ്യവുമാണ്. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാതെ ആപൽക്കരമായ പരിസ്ഥിതി നാശത്തിലേക്കാണ് ഈ പോക്ക്.

Tags:    
News Summary - quarry law vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.