ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു; സഹകരിക്കാതെ ശിവശങ്കർ

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ കൂടുതൽ പേരെ വിളിച്ചുവരുത്തി, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നീക്കം. ചോദ്യം ചെയ്യലിൽ ശിവശങ്കർ സഹകരിക്കാത്ത സാഹചര്യത്തിലാണ് തങ്ങളുടെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിനുള്ള ഇ.ഡിയുടെ നിർണായക നീക്കം. ആദ്യഘട്ടമായി ശിവശങ്കറിന്‍റെ സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി. ഇദ്ദേഹത്തെ ഒറ്റക്കും ശിവശങ്കറിനൊപ്പവുമിരുത്തി മൊഴിയെടുത്തതായാണ് വിവരം. സ്വപ്ന സുരേഷിന്‍റെ ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണോയെന്ന് സ്ഥിരീകരിക്കുന്നതിന്‍റെ ഭാഗമായാണ് വേണുഗോപാലിനെ വിളിച്ചുവരുത്തിയത്. സ്വപ്ന-ശിവശങ്കർ വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.

പണം കണ്ടെത്തിയ ലോക്കർ ആരംഭിച്ചത് ശിവശങ്കറിന്‍റെ നിർദേശപ്രകാരം വേണുഗോപാലിന്‍റെ സഹായത്തോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ശിവശങ്കർ പരിചയപ്പെടുത്തിയതനുസരിച്ച് വേണുഗോപാൽ തന്നെ വന്നു കണ്ടുവെന്നും അതിന് ശേഷം തങ്ങൾ സംയുക്തമായി ലോക്കർ തുറന്നു എന്നുമാണ് മൊഴിയിലുള്ളത്. എന്നാൽ, പരിചയപ്പെടുത്തിയതിനപ്പുറത്തേക്ക് ലോക്കറെടുത്തതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ശിവശങ്കറിന്‍റെ അവകാശവാദം. ഇത് പൊളിക്കുക എന്ന ലക്ഷ്യത്തിലാണ് വേണുഗോപാലിനെ വിളിച്ചുവരുത്തിയത്.

യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐഫോണും ശിവശങ്കർ കൈപ്പറ്റിയിട്ടുണ്ടെന്ന് ഇ.ഡിയുടെ കണ്ടെത്തലുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളൊക്കെ നിഷേധിക്കുകയും പല ചോദ്യങ്ങളോടും മൗനം പാലിക്കുകയും ചെയ്യുന്ന നിലപാടിലാണ് ശിവശങ്കർ. കൂടുതൽ പേരെ ചോദ്യം ചെയ്ത് ശിവശങ്കറിന് കോഴപ്പണം ലഭിച്ചത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് ശ്രമം. സ്വപ്ന, സരിത് തുടങ്ങിയവരെയും വരും ദിവസങ്ങളിൽ വിളിച്ചുവരുത്തിയേക്കും.

20 വരെയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 10 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി അഞ്ചു ദിവസത്തേക്ക് മാത്രമാണ് അനുവദിച്ചത്. ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് എത്തിക്കേണ്ട പ്രധാനപ്പെട്ടവരുടെ പട്ടിക തയാറാക്കിയതാ‍യാണ് വിവരം. ആദ്യദിവസം ഭക്ഷണം ഒഴിവാക്കിയുള്ള നിസ്സഹകരണത്തിലായിരുന്നു ശിവശങ്കർ.

Tags:    
News Summary - Questioned in the presence of a Chartered Accountant; Shiv Shankar uncooperative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.