രാജ്യത്തിന്‍െറ വൈവിധ്യത്തെ തകര്‍ക്കുന്ന ഏക സിവില്‍ കോഡിനെ ചെറുക്കണം –ശൈഖ് അബ്ദുല്‍ ഗനി

ആലപ്പുഴ: ഐ.എസ്.എം ഖുര്‍ആന്‍-ഹദീസ് ലേണിങ് സ്കൂള്‍ സംസ്ഥാന സംഗമത്തിന് ആലപ്പുഴയില്‍ ഉജ്ജ്വല തുടക്കം. ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം ഓള്‍ ഇന്ത്യ അഹ്ലെ ഹദീസ് ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ് ഹാഫിള് അബ്ദുല്‍ ഗനി (ഹൈദരാബാദ്) സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍െറ മത-സാമൂഹിക-സാംസ്കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്കാരത്തെ തല്ലിയുടച്ച് ഏകീകൃത നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളെ ശക്തമായി തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദൈവിക നിയമമായ ശരീഅത്തിനുനേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ബൗദ്ധികമായി മറുപടി നല്‍കണം. സിവില്‍ കോഡ് ഏകീകരിക്കുന്നത് മുസ്ലിംകളെ മാത്രമല്ല ബാധിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും സാംസ്കാരിക വ്യതിരിക്തതയെ ചോദ്യം ചെയ്യുന്നതാണത്.
രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. മതം നോക്കി ഭീകരമുദ്ര അടിക്കുന്നത് മതേതര രാജ്യത്തിന് അപമാനമാണ്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അരികിലേക്ക് മാറ്റുന്ന പ്രവണത ആശാസ്യമല്ല. ബഹുസ്വരതയുടെ സന്ദേശം ഉയര്‍ത്തുന്ന ഖുര്‍ആനിന്‍െറ പഠിതാക്കള്‍ക്ക് വര്‍ഗീയവാദിയാവാന്‍ ആകില്ല.
ഭോപാല്‍ വെടിവെപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ഥ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയാണ് വേണ്ടത്.
രാജ്യത്തെ ലക്ഷ്യംവെക്കുന്ന ആഗോള ഭീകര സംഘങ്ങളെ തടയാന്‍ ഒറ്റക്കെട്ടായി നീങ്ങണം. ഐ.എസ് ഭീകര സംഘത്തില്‍ ചേരാന്‍ രാജ്യം വിടുന്നവര്‍ മനോരോഗികളാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, സെക്രട്ടറി പി.കെ. സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, ഷബീര്‍ കൊടിയത്തൂര്‍, ഷെരീഫ് മേലേതില്‍, അലി അക്ബര്‍ ഇരിവേറ്റി, അഹമ്മദ് അനസ് മൗലവി, ഷിബു ബാബു, ഷെയ്ഖ് പി. ഹാരിസ്, എ.എം. ആരിഫ് എം.എല്‍.എ, തോമസ് ജോസഫ്, എ.എം. നസീര്‍, എ.എ. ഷുക്കൂര്‍, അബ്ദുറഹ്മാന്‍ മദനി, സിറാജ് ചേലേമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    
News Summary - quran learning school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.