തിരുവനന്തപുരം: തെരുവുനായ് ആക്രമണം വീണ്ടും ജീവനെടുക്കുന്നു. തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് മുറിവേറ്റ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിൻ പെരേരയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചതോടെ തീരമേഖലയിൽ ആശങ്ക വർധിച്ചു.
ദിവസവും പതിനായിരത്തിലധികം പേർക്കാണ് നായ്ക്കളുടെ കടിയേൽക്കുന്നത്. ഇതിനുപുറമെ, വളർത്തുനായ്ക്കളുടെയും പൂച്ചയുടെയും മറ്റു ജീവികളുടെയും കടിയേറ്റും നിരവധിപേർ ചികിത്സതേടുന്നു. മെഡിക്കൽ കോളജിൽ ചികിത്സതേടിയ സ്റ്റെഫിൻ പെരേരക്ക് പേവിഷബാധയുടെ ലക്ഷണങ്ങളാണുണ്ടായതെങ്കിലും പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ ഉമിനീരിന്റെയും തലച്ചോറിന്റെയും സാമ്പ്ൾ പരിശോധന ഫലം നെഗറ്റിവാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ശേഖരിച്ച സാമ്പിളിന്റെ പതോളജി പരിശോധനഫലം ലഭിക്കുന്ന മുറക്ക് മാത്രമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. തെരുവുനായ്ക്കളെ പരിപാലിക്കുന്നയാളാണ് സ്റ്റെഫിൻ. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് മുറിവേറ്റത്. അത് കാര്യമാക്കിയില്ല. ഇതാണ് പേവിഷബാധക്ക് കാരണമായതത്രേ.
കാട്ടുപൂച്ച കടിച്ച് പേവിഷബാധയേറ്റ് അഞ്ചൽ സ്വദേശി മരിച്ചതും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. തീരമേഖലയാകെ തെരുവുനായ്ക്കളുടെ പിടിയിലാണ്. നായ്ക്കളെ നേരിടാൻ കമ്പും വടിയുമായാണ് പലരും ഇപ്പോൾ റോഡിലിറങ്ങുന്നത്. കഴിഞ്ഞവർഷം 25 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിന്റെ അന്തിമകണക്കിൽ 16 ആണ്. ഈ വർഷം ആറുമാസത്തിനിടെ എട്ട് മരണം റിപ്പോർട്ട് ചെയ്തു. തെരുവുനായ് ആക്രമണം രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്കിലാണ്. കേന്ദ്രനിയമമാണ് എല്ലാറ്റിനും വിലങ്ങുതടിയെന്ന് തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകൾ പഴിക്കുമ്പോഴും നിയമത്തിന്റെ പരിധിയിൽനിന്ന് നടത്തേണ്ട കാര്യങ്ങൾ പ്രായോഗികമായില്ല. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വരുംമാസങ്ങൾ തെരുവുനായ് ആക്രമണം രൂക്ഷമാകാനാണ് സാധ്യത. പേവിഷ പ്രതിരോധ വാക്സിനേഷനും നായ്ക്കളുടെ വന്ധ്യംകരണവും പേരിനു പോലും നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.