തിരുവനന്തപുരം: ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ പാർലമെന്റിൽ അപകീർത്തികരമായ ഭാഷയിൽ സംസാരിച്ചതിന് ബി.ജെ.പി എം പി രമേഷ് ബിധുരിയെ അയോഗ്യനാക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് ഡോ.എസ്.ക്യു.ആർ ഇല്യാസ് ആവശ്യപ്പെട്ടു.
മുസ്‌ലിം എം.പി ആയ ഡാനിഷ് അലിക്കെതിരെ അത്യധികം നിന്ദ്യമായ ഇസ്‌ലാമോഫോബിക് ഭാഷയിലാണ് രമേഷ് ബിധുരി സംസാരിച്ചത്. ആ ഭാഷ ബി ജെ പി യെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ രാഷ്ട്രീയ ഭാഷയും പ്രയോഗവും ആയിരിക്കാം. എന്നാലത് ഭരണഘടനയ്ക്കും പാർലമെന്ററി നൈതികതയ്ക്കും എതിരായ വംശീയഭാഷയാണ്.
കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു സെഷൻ ചെയർ ചെയ്തിരുന്നത്. രമേഷ് ബിധുരി വിഷം ചീറ്റിക്കൊണ്ടിരിക്കെ തടയാനോ ഇടപെടാനോ തയ്യാറാകാതിരുന്ന അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വം പ്രതിഷേധാർഹമാണ്.രാജ്യത്തെ പാർലമെന്റിലും അസംബ്ലികളിലും മുസ്‌ലിംകൾക്ക് അർഹമായ പ്രാതിനിധ്യമില്ല. നാമമാത്രമായ മുസ്‌ലിം ജനപ്രതിനിധികൾക്കെതിരായ വംശീയ അധിക്ഷേപങ്ങൾക്കെതിരിൽ ഒറ്റക്കെട്ടായ ശബ്ദമുയരണം.
തന്റെ പാർട്ടിയിൽപ്പെട്ട ഒരു എം പി പാർലമെന്റിൽ നടത്തിയ അധിക്ഷേപങ്ങൾക്ക് പ്രധാനമന്ത്രി പരസ്യമായി മാപ്പ് പറയണം. വിഷയം പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റിക്ക് റഫർ ചെയ്യണം. ബിധുരിക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളണം.- അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.