തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാറിനെ (36) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി വെള്ളിയാഴ്ച ശിക്ഷ വിധിക്കും. ഒന്നാംപ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ പിടികൂടാനായിട്ടില്ല.
രണ്ടും മൂന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരിചയം പോലുമില്ലാത്ത വ്യക്തിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളുടെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഇതിൽ രണ്ടാംപ്രതിക്കെതിരായ കേസുകളുടെ ക്രൈം നമ്പറുകൾ മാത്രമാണുള്ളത്. മൂന്നാംപ്രതിക്കെതിരെ അഞ്ച് കേസുണ്ട്. ഒരു ചെറുപ്പക്കാരനെ അവന്റെ ജോലി സ്ഥലത്ത് കടന്ന് കൊലപ്പെടുത്തിയത് ചെറിയ തെറ്റല്ല. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, ആറ് വർഷമായി പ്രതികൾ ജയിലിലാണ്. പശ്ചാത്തപിക്കാൻ അവസരം നൽകണമെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. രണ്ടും മൂന്നും പ്രതികൾക്കെതിരെ ഐ.പി.സി 201 (തെളിവ് നശിപ്പിക്കൽ), 449 (അതിക്രമിച്ച് കയറൽ), ഐ.പി.സി 326 ( മാരകമായി മുറിവേൽപ്പിക്കൽ), 302 (കൊലപാതകം) എന്നീ വകുപ്പുകൾ കണ്ടെത്തിയിരുന്നു. നാലുമുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. 2018 മാര്‍ച്ച് 18ന് പുലര്‍ച്ച രണ്ടിന് മടവൂരിലെ രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷന്‍ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലായിരുന്നു കൊലപാതകം. കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാള്‍ജിയ നാടന്‍ പാട്ട് സംഘത്തിലെ അംഗങ്ങളായ രാജേഷും കുട്ടനും സമീപത്തെ ക്ഷേത്രോത്സവ പരിപാടിയുടെ റിഹേഴ്സലിലായിരുന്നു. സ്റ്റുഡിയോയുടെ പുറത്തുനിന്ന കുട്ടനെ ആദ്യം വെട്ടിപ്പരിക്കേല്പിച്ച പ്രതികള്‍ അകത്തുകയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.