സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽപോലും കെ റെയിൽ അബദ്ധ പദ്ധതി; ഏതുതരം വികസനമാണ് തങ്ങളുടേതെന്ന് പാർട്ടികൾ വെളിപ്പെടുത്തണം -റഫീഖ് അഹമ്മദ്

തൃശൂർ: ഏതുതരം വികസനമാണ് തങ്ങളുടേതെന്ന് രാഷ്ട്രീയപാർട്ടികൾ വെളിപ്പെടുത്തണമെന്ന് കവിയും സിനിമ ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽപോലും അബദ്ധ പദ്ധതിയാണ് കെ-റെയിൽ എന്ന് വ്യക്തമാണ്. ഈ ചിന്തയാണ് കെ-റെയിലിനെതിരായ കവിതയായി മാറിയത്. ഇതിന്‍റെ പേരിലാണ് സൈബർ ആക്രമണം നേരിടുന്നത്. കെ-റെയിൽ സമരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം എന്നത് വലതുപക്ഷ വികസനവും ഇടതുപക്ഷ വികസനവുമുണ്ട്. ഇതിൽ ഏതു ചേരിയിലാണ്, ഏതുതരം വികസന പരിപ്രേക്ഷ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യധാര പാർട്ടികൾ വെളിപ്പെടുത്തണം. എങ്ങനെയാണ് നിങ്ങളുടെ വികസന നയം എന്ന ചോദ്യം ജനങ്ങളിൽനിന്ന് ഉയർന്നുവരണം. കെ-റെയിൽ അതിനുള്ള നിമിത്തം മാത്രമാണ്. കേരളം അഭിമുഖീകരിക്കുന്ന വിഷയത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നത് ഭാവിതലമുറ ചോദ്യം ചെയ്യും എന്നതിനാലാണ് പ്രതികരിക്കുന്നത്. ഗതാഗതമേഖലയിലെ നിർണായകസ്വാധീനമുള്ള കെ.എസ്.ആർ.ടി.സിയുടെ നഷ്ടം തീർക്കുന്നതെങ്ങനെയെന്ന് അറിയാത്തവരാണ് കെ-റെയിലിനെപറ്റി പറയുന്നത്.

മനുഷ്യരാശിയും ജീവജാലങ്ങളും നേരിടുന്നത് അതിജീവനത്തിന്‍റെ പ്രശ്നമാണ്. അതിന്‍റെ ഭാഗമായി മാത്രമേ വികസനങ്ങളെ കാണാനാകൂ. അത്തരം ബോധമില്ലാതെ 18, 19 നൂറ്റാണ്ടുകളിലെ കാഴ്ചപ്പാടോടെ സംസാരിക്കുന്ന നേതാക്കന്മാരെയാണ് കാണാനാകുന്നത്.

അതിനൂതന ശാസ്ത്രസാങ്കേതികതയുടെ വക്താക്കളെന്ന് അവകാശപ്പെട്ട് അവർ മറ്റുള്ളവരെ പരിഹസിക്കുകയാണ്. അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ പറയുന്ന വികസനത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ എന്നത് ഭൂമാഫിയ പദ്ധതി -ശ്രീധർ രാധാകൃഷ്ണൻ

തൃശൂർ: കെ-റെയിൽ എന്നത് ഭൂമാഫിയ പദ്ധതിയാണെന്ന് പരിസ്ഥിതി ചിന്തകൻ ശ്രീധർ രാധാകൃഷ്ണൻ. തൃശൂരിൽ കെ-റെയിൽ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിൽ സ്റ്റേഷന് സമീപം വാരിക്കോരി ഭൂമി വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ് ചിലർ. കൃഷിയോഗ്യമായ സ്ഥലത്ത് ക്വാറികൾ പാടില്ലെന്ന ഹൈകോടതി ഉത്തരവ് പദ്ധതിക്ക് തിരിച്ചടിയായിട്ടുണ്ട്.

കേരളത്തിന് നാണക്കേടുണ്ടാക്കുന്ന എപ്പിസോഡാണ് സിൽവർ ലൈനിലൂടെ വരാൻ പോകുന്നത്. ഇത് യാഥാർഥ്യമായാൽ വികസനദുരന്തം മാത്രമാണ് സംഭവിക്കുക. ലോകത്ത് പലരാജ്യത്തും ഭൂമിക്കുവേണ്ടി നിയമം ഉണ്ടാകണമെന്ന ചിന്ത ജനതക്ക് ഉണ്ടാകുന്നുണ്ട്. പക്ഷേ നമ്മുടെ സർക്കാറിന് ഉണ്ടാകുന്നില്ല. അതിനാലാണ് അശ്ലീലമായ വാശി തൃക്കാക്കര തെരഞ്ഞെടുപ്പിൽ സജീവമാകുന്നത്.

കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി സംഘടിപ്പിച്ച സമര സംഗമം സാഹിത്യ അക്കാദമി ഹാളിൽ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തെരഞ്ഞെടുപ്പിൽ ആരുജയിച്ചാലും കെ-റെയിൽ നടപ്പാക്കാനാകില്ല. ഭൂമി നഷ്ടപ്പെട്ടവരുടെ സമരം മാത്രമല്ല, കെ-റെയിൽ കേരളത്തെ പാരിസ്ഥിതികമായും ധനകാര്യമായും തകർക്കുന്ന പദ്ധതിയാണ്. പദ്ധതി വന്നാൽ കേരളത്തിന്‍റെ നിലനിൽപുതന്നെ പദ്ധതിയുടെ പേരിലായിരിക്കും. അത്രമാത്രം കടം കയറും.

65,000 കോടി ചെലവെന്ന് പറയുന്നതിലൂടെ സർക്കാർ കണക്കിലെ കളി കാണിച്ച് കള്ളം പറയുകയും പറ്റിക്കുകയും ചെയ്യുന്നു. സെന്‍റിന് രണ്ടുലക്ഷം മാത്രമാണ് പരമാവധി കിട്ടുക. കൂടിപ്പോയാൽ രണ്ടിരട്ടി കിട്ടും. അതിൽ കൂടുതൽ കിട്ടുമെന്ന് പറയുന്നതും കള്ളമാണ്. ഇല്ലാത്ത പണം 'അതുക്കും മേലെ' തരാമെന്ന് പറഞ്ഞാൽ അത് സത്യമല്ല. അത് തിരുത്തേണ്ട ചുമതല ജനതക്കാണെന്നും അദ്ദേഹം പറഞ്ഞു.

പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. സമരപോരാളികളായ ശ്രീധർജി ചേർപ്പ്, സിന്ധു ജയിംസ്, റോസിലിൻ ഫിലിപ്, ഡോ. എസ്. അലീന, തങ്കം കൃഷ്ണൻകുട്ടി, ബഷീറ അഷറഫ്, ജയശ്രീ രാജേന്ദ്രൻ, ശകുന്തള ചന്ദ്രൻ, മോഹിനി വർമ, രതി രവി എന്നിവരെ ആദരിച്ചു.

കവി റഫീഖ് അഹമ്മദ്, പ്രഫ. പി.വി. കൃഷ്ണൻ നായർ, എം.പി. ബാബുരാജ്, എം.പി. സുരേന്ദ്രൻ, കെ. അരവിന്ദാക്ഷൻ, കെ. സഹദേവൻ, ശരണ്യരാജ്, ലിൻഡോ വരടിയം, മാർട്ടിൻ കൊട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. സി.ആർ. ഉണ്ണികൃഷ്ണൻ സ്വാഗതവും കൺവീനർ എ.എം. സുരേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Rafeeq Ahmed against K Rail; Parties need to show what kind of development they promote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.