കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്; മൂന്നു പേർക്ക് സസ്പെൻഷൻ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ റാഗിങ് പരാതിയിൽ മൂന്നു മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ.അവസാന വർഷ മെഡിക്കൽ വിദ്യാർഥികളായ സെബിൻ ബോസ്, ശ്രീശിൽ ഹരിരാഗ്, രണ്ടാം വർഷ വിദ്യാർഥി കെ.വി. അരവിന്ദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ആഭ്യന്തര അന്വേഷണ കമീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സസ്പെൻഷൻ കാലാവധി കഴിയുന്നതുവരെ വിദ്യാർഥികൾക്ക് ക്ലാസിൽ കയറാനോ പരീക്ഷയെഴുതാനോ ഹോസ്റ്റലിൽ പ്രവേശിക്കാനോ കഴിയില്ല. ഈ മാസം 11നാണ് പരാതിക്കിടയായ സംഭവം നടന്നത്. സീനിയർ വിദ്യാർഥികൾ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിയോട് ഹോസ്റ്റലിൽവെച്ച് ക്ലിനിക്കൽ റെക്കോഡ് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച വിദ്യാർഥിയെ വിദ്യാർഥികൾ ചേർന്ന് മർദിച്ചു.

പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർഥി പ്രിൻസിപ്പലിന് രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്‍റി റാഗിങ് കമ്മിറ്റി യോഗം ചേർന്ന് ആഭ്യന്തര അന്വേഷണ കമീഷനെ നിയോഗിച്ചു. മെഡിക്കൽ കോളജിലെ രണ്ട് അസോസിയേറ്റ് പ്രഫസർമാരും ഒരു അസി. പ്രഫസറും അടങ്ങുന്ന കമീഷൻ, ആന്‍റി റാഗിങ് കമ്മിറ്റിക്ക് ഇന്നാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ നടപടി എടുത്തതെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്കുമാർ പറഞ്ഞു.

സർക്കാറിന്റെയും കോടതിയുടെയും മാർഗനിർദേശമനുസരിച്ചുള്ള നടപടികളാണ് കൈക്കൊണ്ടതെന്നും തുടർനടപടികൾക്കായി മെഡിക്കൽ കോളജ് പൊലീസിന് റിപ്പോർട്ടുകൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാഗിങ്ങിനെതിരെ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. ഇതിനായി പൊലീസ്, പി.ടി.എ എന്നിവരുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ് തുടർക്കഥയാവുകയാണ്. കഴിഞ്ഞ മാർച്ചിൽ റാഗിങ് പരാതിയെ തുടർന്ന് 17 വിദ്യാർഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അധ്യാപകരുടെ പരാതിയിലായിരുന്നു നടപടി. നാലു മാസം കഴിയുന്നതിനു മുമ്പേയാണ് വീണ്ടും റാഗിങ് നടന്നത്. ഒന്നാംവര്‍ഷ പി.ജി വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശി നൽകിയ റാഗിങ് പരാതിയിൽ രണ്ടു പി.ജി വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Ragging again in Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.