പെരുമണ്ണ റാഗിങ്: പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്ന് കോടതി

ഫറോക്ക്: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച്അറിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കുകയും പൊലിസിൽ അറിയിക്കാതിരിക്കുകയും ചെയ്തതിനാണ് കേസ്. പെരുമണ്ണ ഇ .എം.എസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ ജയപ്രകാശനെതിരെ റാഗിങ്ങ് നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം  പ്രേരണകുറ്റത്തിന് കേസടുക്കാനാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

റാഗിങ്ങിന് വിധേയനായ പ്ലസ് വൺ വിദ്യാർത്ഥി മുജിബ് റഹ്മാന്റെ മാതാവ് പന്തിരങ്കാവ് മണക്കടവ് കാളിയം കുന്നുമ്മൽ വീട്ടിൽ അയിഷയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം. യൂണിഫോം ധരിച്ചില്ലെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥികളായ പതിനഞ്ചോളം പേരാണ് മുജീബ് റഹ്മാനെ ക്രൂരമായി മർദിച്ചത്.

മർദനത്തിൽ മൂക്കിന്റെ പാലം തകരുകയും ഇടതു കൈയും കാലിന്റ പാദത്തിനും ഒടിവും ശരിര മാസകലം പരിക്കേൽക്കുകയും ചെയ്തിരുന്നു. റാഗിങ്ങിനു ശേഷം ഭയന്ന  വിദ്യാർത്ഥി സ്ക്കൂളിൽ തുടർ പഠനത്തിന് പോയിട്ടില്ല. പിറ്റേ ദിവസം തന്നെ മാതാവ് രേഖാമൂലം പ്രിൻസിപ്പാളിന് പരാതി നൽകിയെങ്കിലും പ്രിൻസിപ്പാൾ  പോലിസിൽ നൽകിയ പരാതിയിൽ റാഗിങ്ങ് വിവരം മറച്ചുവെച്ചു . ആഗസ്റ്റ് 25 ന്  മാതാവ് നല്ലളം പൊലിസിൽ പരാതി നൽകുകയും പോലിസ് 26 ന് കേസ്സെടുക്കുകയും ചെയ്തിരുന്നു.

മുജീബ് റഹ്മാന് അവസാന സമയത്താണ് ഇ. എം.എസ് ഹയർ സെക്കണ്ടറിയിൽ അഡ്മിഷൻ ലഭിക്കുന്നത്. മർദനമേൽക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് ആഗസ്റ്റ് 20നാണ് യൂണിഫോം സ്കൂളിൽ നിന്നും കിട്ടിയത്. ഇവ തയ്ക്കാൻ കൊടുത്തിരുന്നെന്നും അത് കൊണ്ടാണ് കളർ ഡ്രസ്സിട്ട് മകൻ സ്ക്കൂളിൽ പോയതെന്നും മാതാവ് പറഞ്ഞു. മകന്റെ ഒരു വർഷത്തെ അധ്യായനം മുടങ്ങിയതിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലടക്കമുള്ള സ്കൂൾ അധികൃതരിൽ നിന്നും മോശമായ സമീപനമാണുണ്ടായതെന്നും മാതാവ് വ്യക്തമാക്കി.

Tags:    
News Summary - raging: files case against perumanna principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.