തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബ്രാൻഡ് വാല്യു ഉയർത്താൻ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.
വിദേശ വിദ്യാർഥികളെ ആകർഷിക്കാനും കേരളത്തിലെ വിദ്യാർഥികളെ പിടിച്ചുനിർത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായാണ് കാമ്പസുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത തേടുന്നത്. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഗവേഷണ സഹകരണം വർധിപ്പിക്കാനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
വിദേശ വിദ്യാർഥികൾക്ക് കൂടി ആകർഷകമാകുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തിൽ പരിഷ്കരിക്കാനും വിദേശ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള പാർപ്പിട സൗകര്യങ്ങൾ സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അന്തർദേശീയ വിദ്യാർഥികൾക്കായി സംസ്ഥാനത്തെ പ്രധാന കലകൾ, പാരമ്പര്യ അറിവുകൾ, കേരള സമൂഹത്തിന്റെ സവിശേഷതകൾ, വിനോദസഞ്ചാര സാധ്യതകൾ, ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാൻ ഹ്രസ്വകാല നോൺ-ഡിഗ്രി കോഴ്സുകൾ പദ്ധതിയിൽ ലഭ്യമാക്കും. ഡിമാൻഡുള്ള കോഴ്സുകൾക്ക് കൂടുതല്‍ പ്രചാരണം നൽകും.
മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ഇതിലുണ്ടാകും. വിദ്യാർഥികൾ താൽപര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾ പുനഃക്രമീകരിച്ച് കൂടുതൽ ജോബ് ഓറിയന്റഡ് ആയ ന്യൂ ജനറേഷൻ കോഴ്സുകളാക്കി മാറ്റാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവും നേട്ടങ്ങളും സാധ്യതകളും വ്യക്തമാക്കുന്ന പ്രദർശനങ്ങളും ചർച്ചകളും ഇതിൽ ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.