രാഹുൽ ജാമ്യാപേക്ഷ നൽകി;മെഡിക്കൽ സർട്ടിഫിക്കറ്റിൽ പോര്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ജാമ്യാപേക്ഷ നൽകി. പ്രിൻസിപ്പൽ സെഷൻ കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. ജനുവരി 22വരെ റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ ഇപ്പോൾ പൂജപ്പുര ജയിലിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബുധനാഴ്ച ജയിലിലെത്തി രാഹുലിനെ സന്ദർശിച്ചു. രാഹുലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നടത്തി. സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ചും നടന്നു. അതേസമയം, രാഹുലിന് ജാമ്യം നിഷേധിച്ചതുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണവും മറുപടിയുമായി സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി.

ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രാഹുൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും വീണ്ടും ആരോഗ്യപരിശോധനക്ക് അയച്ച ശേഷമാണ് മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ ഡോക്ടർക്കുമേൽ സമ്മർദമുണ്ടായെന്ന ആരോപണം ഷാഫി പറമ്പിൽ എം.എൽ.എ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുമായി ജാമ്യത്തിന് ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തി. സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണ് എം.വി. ഗോവിന്ദനെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. രാഹുലിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിന്റെ പേരിലാണ് രാഹുലിനെതിരായ കേസെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. ചെടിച്ചട്ടികൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ച സംഭവം രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തയാളാണ് പിണറായി. വാര്‍ത്താമാധ്യമങ്ങളിലൂടെ പിണറായി വിജയനെയും സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ചതിലുള്ള വൈരാഗ്യവും വിരോധവുമാണ് അറസ്റ്റിലൂടെ തീര്‍ത്തത്. ഇതൊന്നും സമരം ചെയ്തതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കളോടും പ്രവര്‍ത്തകരോടും കാട്ടേണ്ട സമീപനമല്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

‘അടിമപ്പണിക്കാണെങ്കിൽ പാലും ബിസ്ക്കറ്റും വാങ്ങിയാൽ മതി’

തിരുവനന്തപുരം: പിണറായി വിജയന് അടിമപ്പണിയെടുക്കാനാണ് പൊലീസുകാർ ഉദ്ദേശിക്കുന്നതെങ്കിൽ പേരക്കുട്ടിക്ക് പാലും ബിസ്കറ്റും വാങ്ങിയാൽ മതി, യൂത്ത് കോൺഗ്രസുകാരന്‍റെ നെഞ്ചത്തുകയറേണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ.

തന്‍റെ പേരുള്ള ഒരു പൊലീസുകാരന്‍റെ പോക്കിരിത്തം കഴിഞ്ഞ ദിവസം ടി.വിയിൽ കണ്ടു. രാഹുലിനെ കഴുത്തിൽ പിടിച്ചും കോളറിൽ പിടിച്ചും തള്ളുന്നത് കണ്ടു. ക്ലിഫ് ഹൗസിലെ തമ്പ്രാക്കൾക്ക് തത്സമയം കണ്ടു രസിക്കാനുള്ള നാടകമാണെങ്കിൽ അത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ നെഞ്ചത്തേക്ക് വേണ്ട. മര്യാദക്ക് ശമ്പളം വാങ്ങില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul filed a bail application; dispute over medical certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.