കൊച്ചി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇനി സെഷൻസ് കോടതിയുടെ അപ്പീൽ വിധി അതിനിർണായകമാകും. അയോഗ്യത സംബന്ധിച്ച നടപടികൾക്ക് അടിസ്ഥാനമാവുക സെഷൻസ് കോടതിയിലുള്ള അപ്പീലിലെ വിധിയാണെന്നിരിക്കെ രാഷ്ട്രീയപരമായും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ചതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ രാഹുൽ ഗാന്ധിയെ വ്യക്തിപരമായി മാത്രമല്ല, കോൺഗ്രസിനെയും പ്രതിപക്ഷത്തെയാകെയും പ്രതിസന്ധിയിലാക്കുന്ന സ്ഥിതി വിശേഷത്തിലേക്കെത്തിക്കാനും ഈ അപകീർത്തി കേസിന് കഴിയും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ജവഹർലാൽ നെഹ്റുവിനും കുടുംബത്തിനുമെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജസ്ഥാനിലെ ചീഫ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന അപകീർത്തിക്കേസ് തള്ളിയിരുന്നു. രാഹുലിന്റേതിന് സമാന ആരോപണമാണ് അന്ന് മോദിക്കെതിരെ ഉയർന്നത്.
ഹരജി നൽകിയത് രാജസ്ഥാനിലെ ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്നു. എന്നാൽ, ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിനെതിരായ അപകീർത്തിക്കേസ് രാജസ്ഥാൻ കോടതിയിലായതിനാലും ഹരജിക്കാരന് നെഹ്റുവോ കുടുംബമോ ആയി ബന്ധമില്ലാത്തതിനാലും ഹരജി നിലനിൽക്കില്ലെന്ന വാദമാണ് മോദി ഉയർത്തിയത്.
ഈ വാദം അംഗീകരിച്ച് ഹരജി തള്ളി. അതേസമയം, കർണാടകയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഗുജറാത്തിലെ കോടതിയിൽ ഒരു ബി.ജെ.പി എം.എൽ.എ നൽകിയ ഹരജിയിലാണ് രാഹുലിനെതിരെ മജിസ്ട്രേറ്റ് കോടതി വിധിയുണ്ടായത്. രാഹുലിനുവേണ്ടി ശരിയായ വിധത്തിലുള്ള വാദം മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ടായിട്ടില്ലെന്ന നിഗമനമാണ് ഇതുസംബന്ധിച്ച് നിയമവിദഗ്ധർ ഉയർത്തുന്നത്.
മാത്രമല്ല, അപകീർത്തിക്കേസിൽ രണ്ടുവർഷത്തെ തടവുശിക്ഷ പരമാവധി ശിക്ഷയാണെന്നും സാധാരണ ഇത്തരം നടപടികളുണ്ടാകാറില്ലാത്തതാണെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.
മോദി രാജസ്ഥാൻ കോടതിയിൽ നടത്തിയ വാദങ്ങൾ സെഷൻസ് കോടതിയിൽ രാഹുലിനെ തുണക്കാൻ ഗുണകരമാകുന്നവയാണെന്നാണ് കേരള ഹൈകോടതിയിലെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും മുതിർന്ന അഭിഭാഷകനുമായ ടി. ആസഫലിയുടെ അഭിപ്രായം. ആരോപണത്തിന്റെ മുനയൊടിക്കുന്ന വാദങ്ങൾ ഫലപ്രദമായി അപ്പീൽ ഹരജിയിലൂടെ ബോധ്യപ്പെടുത്താനായാൽ ശിക്ഷ റദ്ദാക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.