ആലപ്പുഴ: 'ഭാരത് ജോഡോ യാത്ര'യുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴ വാടക്കൽ കടപ്പുറത്താണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാൻ രാഹുൽ എത്തിയത്.
മത്സ്യമേഖലയും മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. വർധിച്ചു വരുന്ന ഇന്ധനവില, മത്സ്യസമ്പത്ത് കുറയുക, സാമൂഹ്യക്ഷേമ നയങ്ങളുടെ അഭാവം, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ അവർക്ക് പ്രധാന വെല്ലുവിളികളായി തുടരുന്നതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
ഇന്ന് രാവിലെ ഏഴിന് അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നാണ് 'ഭാരത് ജോഡോ യാത്ര'യുടെ ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. പദയാത്ര ഉച്ചക്ക് 11ന് ചെറിയ കലവൂരിലെ കമലോട് കൺവെൻഷൻ സെന്‍ററിൽ പ്രഭാത വിശ്രമത്തിനായി നിർത്തും. തുടർന്ന് വൈകീട്ട് നാലിന് പാതിരാപ്പള്ളിയിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴിന് കണിച്ചുകുളങ്ങരയിൽ സമാപിക്കും. ചേർത്തല സെന്‍റ് മൈക്കിൾ കോളജിലാണ് രാത്രി വിശ്രമം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 17നാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലൂടെ 90 കിലോമീറ്റർ രാഹുൽ പര്യടനം നടത്തും. ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തിൽ പര്യടനം നടത്തുക. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.