കൽപ്പറ്റ: ആദിവാസികളാണ് ഭൂമിയുടെ യഥാർഥ ആവകാശികളെന്ന് രാഹുൽ ഗാന്ധി. ഭൂമിയിലും വനത്തിലും ആദിവാസികൾക്ക് അവകാശം നൽകണമെന്നും വയനാട്ടിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.
ആദിവാസി എന്നാൽ നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള പ്രത്യേക ധാരണയുള്ളവർ ഭൂമിയുമായി പ്രത്യേക ബന്ധമുള്ളവർ എന്നൊക്കെയാണ്. വനവാസി എന്ന പ്രയോഗത്തിന് വ്യക്തതമായ അജണ്ടയുണ്ടെന്നും രാഹുൽ വിമർശിച്ചു. വനവാസി എന്ന പ്രയോഗത്തിലൂടെ ആദിവാസികളെ വനത്തിൽ മാത്രം ഒതുക്കി നിർത്താനാണ് ശ്രമിക്കുന്നത്.
ഭൂമിയുടെ യഥാർഥ ഉടമകൾ എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്ക് എൻജിനീയറിങ് പഠിക്കാനും ഡോക്ടർമാരാക്കാനും അഭിഭാഷകരാകാനും ബിസിനസ് ആരംഭിക്കാനും കമ്പ്യൂട്ടർ പഠിക്കാനും കഴിയണം. വനത്തിന്‍റെയും ഭൂമിയുടെയും വനവിഭവങ്ങളുടെയൊക്കെ അവകാശം ആദിവാസികൾക്ക് ലഭിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
താമരശ്ശേരി: മണിപ്പൂർ സന്ദർശിച്ചശേഷം കുറച്ചു ദിവസങ്ങളായി തന്റെ മനസ്സ് അസ്വസ്ഥമാണെന്ന് രാഹുൽ ഗാന്ധി എം.പി. 19 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ കണ്ട ഏറ്റവും ക്രൂരമായ കാഴ്ചയാണ് മണിപ്പൂരിലേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോടഞ്ചേരിയിൽ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യനെ രണ്ടായി കീറിയപോലുള്ള സ്ഥിതിയാണ് മണിപ്പൂരിലുള്ളത്. അവിടെ അതിക്രമം തുടരുകയാണ്. അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.
രാജ്യത്തിന് ഒരു പാഠമാണ് മണിപ്പൂർ. അവിടത്തെ മുറിവുകൾ ഉണങ്ങാൻ വർഷങ്ങളെടുക്കും. ഇതെല്ലാം ഒരു പ്രത്യേകതരം രാഷ്ട്രീയത്തിന്റെ ഉൽപന്നമാണ്. വിഭാഗീയതയും വിദ്വേഷവും പടർത്തുകയാണ്. ഇത്തരം സംഭവം വ്യാപിക്കാതിരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.
വൻ ജനാവലിയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ കോടഞ്ചേരിയിൽ എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.