കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ അതിഗംഭീര റോഡ്ഷോ. 2019ലേതുപോലെ രാഹുൽപ്രഭയിൽ ഇടതുമണ്ഡലങ്ങളിലടക്കം ഇളക്കംതട്ടുമെന്ന പ്രതീതി സൃഷ്ടിച്ചാണ് അദ്ദേഹം ഇത്തവണയും വയനാട്ടിൽ പറന്നിറങ്ങിയത്. യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾക്കൊപ്പം സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെയും യുവനേതാവ് കനയ്യ കുമാറിനെയും അണിനിരത്തിയുള്ള റോഡ് ഷോ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യു.ഡി.എഫിന്റെ മാസ് കാമ്പയിന്റെ തുടക്കവുമായി. ദേശീയ പോരാട്ടമാണ് വയനാട്ടിലെങ്കിലും അതിന്റെ ചൂട് പ്രചാരണരംഗത്തില്ലായിരുന്നു. ഇനി വേനലിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും ഇവിടെ കത്തിയാളും.
ബുധനാഴ്ച രാവിലെ 11ഓടെയാണ് മേപ്പാടി റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ ഇറങ്ങിയത്. പിന്നെ, കൽപറ്റയിൽ തുറന്ന വാഹനത്തിൽ റോഡ് ഷോ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ, രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരും വാഹനത്തിൽ രാഹുലിനൊപ്പം ഉണ്ടായിരുന്നു. എസ്.കെ.എം.ജെ സ്കൂൾ പരിസരത്തുവെച്ച് രാഹുൽ ജനക്കൂട്ടത്തോട് സംസാരിച്ചു. താൻ വയനാട്ടുകാരനായി മാറിയെന്നും മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം ഇനിയും ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധിയെപോലെതന്നെ ഈ നാട്ടുകാരെയും സ്വന്തമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെയോ സംസ്ഥാന സർക്കാറിനെയോ വിമർശിക്കാൻ തയാറാകാതിരുന്ന അദ്ദേഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സ്നേഹമാണെന്നും പൊതുവിഷയങ്ങളിൽ ഒരുമിച്ചുപോകണമെന്നും പാർലമെന്റിൽ വയനാടിന്റെ പ്രതിനിധിയാകുന്നത് ബഹുമതിയായി കാണുന്നുവെന്നും പറഞ്ഞു. കനത്ത വെയിൽച്ചൂട് വകവെക്കാതെ കാസർകോട് അടക്കമുള്ള വിവിധ ജില്ലകളിൽ നിന്നടക്കം യുവാക്കളും സ്ത്രീകളുമടക്കം ആയിരങ്ങളാണ് രാഹുലിന് അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്നത്. 11.45ഓടെയാണ് കലക്ടറേറ്റിനു മുന്നിൽ റോഡ് ഷോ എത്തിയത്.
തുടർന്ന് തൊട്ടടുത്ത സ്വകാര്യ ഹോട്ടലിലേക്കാണ് രാഹുലും സംഘവും പോയത്. നാമനിർദേശ പത്രിക പൂരിപ്പിക്കലടക്കം നടപടികൾ പൂർത്തിയാക്കി കലക്ടറേറ്റിലേക്ക് നീങ്ങിയ അദ്ദേഹം ജില്ല വരണാധികാരി കൂടിയായ ജില്ല കലക്ടർ രേണുരാജിന് പത്രിക കൈമാറി. പുറത്തുകാത്തുനിന്ന ചില ഹിന്ദി ചാനലുകളോട് വയനാട്ടിലെ ആവേശക്കാരായ യു.ഡി.എഫ് പ്രവർത്തകർ അറിയാവുന്ന ഹിന്ദിയിൽ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനെ ട്രോളുന്നതും കേൾക്കാമായിരുന്നു.
കൽപറ്റ: ബുധനാഴ്ച കൽപറ്റയിൽ രാഹുൽ ഗാന്ധി നടത്തിയ വൻ റോഡ് ഷോയിൽ കോൺഗ്രസിന്റെയോ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെയോ കൊടികളില്ല. കഴിഞ്ഞ തവണ രാഹുലിന്റെ പരിപാടിയിലെ ലീഗിന്റെ കൊടികൾ സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. രാഹുലിന്റെ പരിപാടിയിൽ പാകിസ്താന്റെ പതാകകൾ ഉപയോഗിച്ചുവെന്ന തരത്തിലായിരുന്നു ഉത്തരേന്ത്യയിൽ വർഗീയപ്രചാരണം നടത്തിയത്. ഇതിനാലാണ് ഇത്തവണ ഒരു പാർട്ടിയുടെയും കൊടികൾ റോഡ്ഷോയിൽ ഉപയോഗിക്കാതിരുന്നത്. രാഹുലിന്റെ ചിത്രങ്ങളടങ്ങിയ ബോർഡുകളായിരുന്നു പങ്കെടുത്തവരെല്ലാം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.