കൽപറ്റ: രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിർദേശപത്രിക സമർപ്പിക്കും. മൂന്നിന് രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ അന്നു റോഡ് ഷോയും സംഘടിപ്പിക്കും. വൈകുന്നേരം മടങ്ങിപ്പോകും. രാഹുൽഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധനേടിയ വയനാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ മണ്ഡല ചിത്രം തെളിഞ്ഞു.
ബി.ജെ.പിക്കെതിരെ മത്സരിക്കേണ്ടതിന് പകരം ഇൻഡ്യ മുന്നണിയുടെ ഏറ്റവും വലിയ നേതാവ് വയനാട്ടിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പരിധിവരെ കോൺഗ്രസിന് സഹായകരമാകും.
രാഹുലിനെ നേരിടാൻ പ്രമുഖ നേതാവ് തന്നെ വേണമെന്ന ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ച സുരേന്ദ്രനെതന്നെ കളത്തിലിറക്കിയതിന് പിന്നിലെന്ന് പറയപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുൽ ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ആനി രാജയും മാറ്റുരക്കുന്ന വയനാട് മണ്ഡലത്തിലേക്കാണ് ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ഏറ്റെടുത്ത് ബി.ജെ.പി സ്ഥാനാർഥിയായി സുരേന്ദ്രൻ എത്തുന്നത്.
അതേസമയം, ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത വയനാട്ടിൽ സുരേന്ദ്രനെ കളത്തിലിറക്കിയത് എന്തിനാണെന്ന ചോദ്യം പ്രവർത്തകർതന്നെ ഉന്നയിക്കുന്നുണ്ട്. രാഹുൽ ഗാന്ധി അടുത്തയാഴ്ച മണ്ഡലത്തിൽ എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമാകും. ആനി രാജയാകട്ടെ നേരത്തേ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധി കുറഞ്ഞ ദിവസം മാത്രമേ മണ്ഡലത്തിൽ പ്രചാരണത്തിന് ഉണ്ടാവുകയുള്ളൂവെങ്കിലും കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാക്കളെല്ലാം മണ്ഡലത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.